പുതുക്കാട്: പുലിക്കണ്ണി കള്ളായി റോഡിൽ കവരംപിള്ളിയിൽ നായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് യാത്രക്കാരിയായ യുവതി മരിച്ചു. കാരികുളം പാലച്ചുവട് കൂള ആൽബിന്റെ ഭാര്യ നീതു (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നോടെയായിരുന്നു അപകടം.
കവരംപിള്ളി ഇറക്കത്തുവച്ചു കുറുകെ ചാടിയ നായ ഓട്ടോയുടെ മുൻചക്രത്തിൽ കുടുങ്ങിയതാണ് അപകടത്തിനിടയാക്കിയത്. റോഡിലേക്കു തെറിച്ചുവീണ നീതുവിന്റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന നീതുവിന്റെ അമ്മയും ഇടയാനിക്കാട്ടിൽ മാത്യുവിന്റെ ഭാര്യയുമായ ആനി (54), മക്കളായ മൂന്നര വയസുള്ള നോയൽ, നാലുമാസം പ്രായമായ ആരോണ്‍ എന്നിവർക്കു നിസാര പരിക്കേറ്റു. മക്കൾക്കു പനി ബാധിച്ചതിനെത്തുടർന്ന് പുതുക്കാട് ഡോക്ടറെകണ്ട് കവരംപിള്ളിയിലെ നീതുവിന്റെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു വീടിനടുത്ത് അപകടമുണ്ടായത്.
ഓട്ടോ മറിഞ്ഞു കിടക്കുന്നതു കണ്ട സമീപവാസിയായ കോഴികുന്നേൽ പിയൂസ്, മകൻ അനീഷ്, ഓട്ടോഡ്രൈവർ പാലക്കട ബാലൻ എന്നിവർ ചേർന്നു രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഓട്ടോ ഉയർത്താൻ കഴിഞ്ഞില്ല. പിന്നീട് അതുവഴി വന്ന യാത്രക്കാരുടെ സഹായത്തോടെ ഓട്ടോ ഉയർത്തിയ ശേഷമാണു നീതുവിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ പതിനഞ്ചു മിനിറ്റോളം നീതു വഴിയിൽ കിടന്നു.
തുടർന്ന് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നു തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരണം സംഭവിച്ചത്.
കുറുകെചാടിയ നായ ഓട്ടോയിൽ കുടുങ്ങി; ഓട്ടോ മറിഞ്ഞ് യുവതിക്കു ദാരുണാന്ത്യം
11:13 PM Oct 14, 2019 | Deepika.com