ആലപ്പുഴ: തൊഴിൽ തേടി നിരവധി ചെറുപ്പക്കാരും ലിസ്റ്റിൽ ഇടം നേടിയവരും പുറത്തുനിൽക്കുന്പോൾ വിരമിച്ച ജീവനക്കാരെ പുനർനിയമിക്കാൻ റെയിൽവേയുടെ നീക്കം. സതേണ്‍ റെയിൽവേ തിരുവനന്തപുരം ഡിവിഷനുകീഴിലാണ് ഈ നീക്കം. 2019 ഡിസംബർ 11നാണ് വി/പി.721/റീ-എൻഗേജ്മെന്റ്/2019 എന്ന നന്പറിൽ ഡിവിഷണൽ പേഴ്സണൽ ഓഫീസറുടെ നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുള്ളത്. വരുന്ന 17ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. സതേണ്‍ റെയിൽവേയുടെ വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ അടക്കമുള്ളവ ഇട്ടിട്ടുമുണ്ട്.
എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിൽ ട്രാക്ക് മെയിന്റനേഴ്സ് വിഭാഗത്തിൽ നൂറോളം ഒഴിവുകളാണു കാണിക്കുന്നത്. ഇതുകൂടാതെ ആർട്ടിസാൻസ്, ഗാർഡുമാർ, പോയിന്റ്സ്മാൻ, കൊമേഴ്സ്യൽ ക്ലാർക്ക്, ടിക്കറ്റ് ചെക്കിംഗ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, ഹെൽപ്പർ, ടെക്നീഷൻ തുടങ്ങി നിരവധി പോസ്റ്റുകളിലായി അഞ്ഞൂറോളം ഒഴിവുകളാണ് ഇതിൽ പറഞ്ഞിട്ടുള്ളത്. പരമാവധി 65 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാമെന്നാണു വ്യവസ്ഥ.
നിലവിൽ ഗ്രൂപ്പ് ഡി കാറ്റഗറിയിൽ റാങ്ക് ലിസ്റ്റ്നിലവിലുള്ളതായി പറയുന്നു. അതോടൊപ്പം തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി ജോലിചെയ്യുന്ന നിരവധി മലയാളികൾ തിരുവനന്തപുരം ഡിവിഷനിലേക്കു ട്രാൻസ്ഫറിന് അപേക്ഷിച്ചു കാത്തിരിക്കുകയുമാണ്. ഇവരുടെ അപേക്ഷകളും മറ്റും നിലവിലിരിക്കെ റിട്ടയർ ചെയ്തുപോയവരെ തിരികെ സർവീസിലേക്കു കൊണ്ടുവരുന്നത് അനഭിലഷണീയ പ്രവണതയാണെന്ന ആക്ഷേപവും ഉയരുന്നു. കൂടുതലും വനിതകളാണ് അന്യസംസ്ഥാനങ്ങളിലടക്കം ഇത്തരം പോസ്റ്റുകളിൽ ജോലിയെടുക്കുന്നത്. പലരുടെയും കുടുംബം നാട്ടിലാണെന്നുമിരിക്കെ ഇത്തരക്കാർക്കു ട്രാൻസ്ഫർ ലഭ്യമാക്കി പോസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യവും.
തൊഴിലന്വേഷകർ പുറത്തു നിൽക്കുന്പോൾ വിരമിച്ച ജീവനക്കാരെ നിയമിക്കാൻ റെയിൽവേയുടെ നീക്കം
12:09 AM Oct 14, 2019 | Deepika.com