തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ കുറവെങ്കില്‍ അതിനു മാപ്പ് നല്‍കുന്നതിനായി മൂന്നു തവണ അവസരമൊരുക്കി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്.
65 ശതമാനം മുതല്‍ 75 ശതമാനം വരെ ഹജര്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഹാജര്‍ കുറവ് മാപ്പാക്കുന്നതിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളെന്നാണ് പുതുതായി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹാജര്‍ കുറവാകാന്‍ കാരണമെന്തെന്നു വ്യക്തമാക്കുന്ന അപേക്ഷ വിദ്യാര്‍ഥിയും രക്ഷിതാവും സംയുക്തമായാണ് നല്‍കേണ്ടത്. ഒന്നാം തവണയില്‍ ഹാജര്കുറവിനു മാപ്പ് നല്‍കുന്നത് സ്ഥാപനമേധാവിയും രണ്ടാം തവണ അതാത് മേഖലാ കാര്യാലയ ജോയിന്റ് ഡയറക്ടറും മൂന്നാം തവണ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറേയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ആരോഗ്യകാരണങ്ങളാല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ഈ ക്രമീകരണം കൊണ്ടുവന്നിട്ടുള്ളത്. ഹാജര്‍ കുറവ് മാപ്പാക്കുന്നതിന് സിവില്‍ സര്‍ജന്റ് റാങ്കില്‍ കുറയാത്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ മാപ്പ് അപേക്ഷ പരിഗണിക്കുകയുള്ളു.
ഹാജര്‍കുറവ് മാപ്പാക്കലിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ അവര്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സെമസറ്ററിന് തൊട്ടുമുന്‍പത്തെ സെമസ്റ്റര്‍ വരെ 50 ശതമാനമോ അതില്‍ കൂടുതലോ വിഷയങ്ങളില്‍ പാസായിരിക്കണം. രണ്ടാമത്തേയും മൂന്നാമത്തേയും മാപ്പാക്കലിനുള്ള അപേക്ഷ വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ആണ് അയയ്ക്കേണ്ടത്. ഹാജര്‍ കുറവ് മാപ്പാക്കലിന് ഒന്നാം തവണ 500 രൂപയും രണ്ടാം തവണ 750 രൂപയും മൂന്നാം തവണ 1000 രൂപയും ഫീസ് ആയി അടയ്ക്കണം.
തോമസ് വര്‍ഗീസ്
ഹാജര്‍ കുറവെങ്കില്‍ മൂന്നു തവണ മാപ്പാക്കലുമായി പോളിടെക്നിക്
12:09 AM Oct 14, 2019 | Deepika.com