മാലാഖമാരോടൊപ്പം സ്വർഗീയ ഗേഹത്തിൽ
വാഴുന്ന വിശുദ്ധ മറിയം ത്രേസ്യായേ
മാനവർക്കായി ത്രിയേകസന്നിധേ
ഉണർത്തേണമേ ഞങ്ങൾ തൻ യാചനകൾ
പ്രാർഥിക്ക ഞങ്ങൾക്കായ് മാധ്യസ്ഥംപ്രാപിക്ക
വിശുദ്ധയേ വിശുദ്ധയേ
കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കാൻ
നൽകൃപയ്ക്കായെന്നും പ്രാർഥിക്കണേ...
ഈ വരികളും ഈണങ്ങളും ഇവർക്കു തങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്കുള്ള പ്രണാമമാണ്. ഇന്നു വിശുദ്ധിയുടെ മഹിതകിരീടം ചൂടുന്ന കുടുംബങ്ങളുടെ മധ്യസ്ഥ മറിയം ത്രേസ്യയെന്ന സ്വർഗീയ അമ്മയ്ക്കുള്ള സംഗീതപ്രണാമം. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ എട്ടു സന്യാസിനിമാരാണു മറിയം ത്രേസ്യായുടെ ജീവിതവും സന്ദേശവും ആവിഷ്കരിക്കുന്ന മനോഹരമായ ഗാനമൊരുക്കിയത്.
എഴുത്തുകാരിയും തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയുമായ സിസ്റ്റർ ടെസി കൊടിയിലാണു പ്രണാമഗാനം രചിച്ചത്. മറിയം ത്രേസ്യായുടെ ജീവിതത്തിന്റെ സവിശേഷതകൾ, കുടുംബങ്ങൾക്കായുള്ള അമ്മയുടെ കരുതൽ, ആത്മാക്കൾക്കായുള്ള ദാഹം എന്നിവയെല്ലാം പാട്ടിൽ ആവിഷ്കരിക്കുന്നുണ്ട്. ഹോളി ഫാമിലി എറണാകുളം പ്രോവിൻസ് അംഗമാണ് സിസ്റ്റർ ടെസി.
ബിമൽ പങ്കജ് ഈണമൊരുക്കിയ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചതു ബെന്നി പള്ളുരുത്തിയാണ്. ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ച ഗാനം ഇതിനകം വിവിധ വേദികളിലും കൈയടി നേടി. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ദേശീയതല ആഘോഷത്തിലും അനുബന്ധ പരിപാടികളിലും ഗാനം ആലപിക്കും. വിശുദ്ധയുടെ ചിത്രം കൈകളിലേന്തി സന്യാസിനികൾ സംഘമായാണു അഞ്ചു മിനിട്ടുള്ള ഗാനം ആലപിക്കുന്നത്.
എറണാകുളം പ്രൊവിൻസിലെ അംഗങ്ങളായ സിസ്റ്റർ ക്ലയററ്റ്, സിസ്റ്റർ അഞ്ജന, സിസ്റ്റർ റാണി വർഗീസ്, സിസ്റ്റർ ജോ മേരി, സിസ്റ്റർ ഹെലന, സിസ്റ്റർ അഞ്ജു റോസ്, സിസ്റ്റർ അനുപമ എന്നിവരും പാട്ടുസംഘത്തിലുണ്ട്. ടീന മേരി ഏബ്രഹാമാണ് സിഡിയിലേക്കായി ഗാനം ആലപിച്ചത്. വിശുദ്ധയായി ഉയർത്തപ്പെടുന്ന മദർ മറിയം ത്രേസ്യായുടെ ജീവിത സന്ദേശങ്ങൾ ജാതിമതഭേദമെന്യേ ഏവരിലേക്കുമെത്തിക്കുകയാണു പാട്ടിലൂടെ ലക്ഷ്യമാക്കിയതെന്നു സിസ്റ്റർ ടെസി കൊടിയിൽ പറഞ്ഞു.
സിജോ പൈനാടത്ത്
കുടുംബങ്ങളുടെ വിശുദ്ധയ്ക്കു തിരുക്കുടുംബ സന്യാസിനിമാരുടെ സംഗീതപ്രണാമം
12:47 AM Oct 13, 2019 | Deepika.com