തൃശൂർ: പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കാനുള്ള ആർജവം വീണ്ടെടുക്കുകയല്ലാതെ മറ്റു വഴികളൊന്നും ഇന്ത്യൻ ജനതയ്ക്കു മുന്നിലില്ലെന്ന്, കാഷ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽനിന്നു രാജിവച്ച കണ്ണൻ ഗോപിനാഥൻ. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കപ്പെടുമ്പോൾ പരാജയപ്പെടുന്നതു രാജ്യംതന്നെയാണ്. സർക്കാരുകൾക്കു പരാജയം സംഭവിച്ചേക്കാം.
മാധ്യമങ്ങൾ, പ്രതിപക്ഷം, പൊതുസമൂഹം, നിയമവ്യവസ്ഥ എന്നിവയും പരാജയപ്പെട്ടേക്കാം. പക്ഷേ, രാജ്യമാണ് പരാജയപ്പെടുന്നതെങ്കിൽ അത് അപകടകരമാണ്. അതു തുറന്നുകാട്ടാൻ കഴിയണം. വ്യവസ്ഥിതികൾ പരാജയപ്പെടുമ്പോൾ വ്യക്തികൾ എഴുന്നേൽക്കണം. ഒരു രാജ്യമെന്ന നിലയിൽ നമുക്കു പരാജയപ്പെടാൻ കഴിയില്ല എന്ന തിരിച്ചറിവാണ് പ്രധാനം. പലതിനോടുമുള്ള നമ്മുടെ നിസംഗതയാണ് ഭരണഘടനാ അവകാശങ്ങൾ നീക്കം ചെയ്യപ്പെടുന്നതിലേക്ക് എത്തിക്കുന്നത്.
കേന്ദ്രഭരണ പ്രദേശമായ ഡാമൻ ആൻഡ് ഡ്യൂവിലെ ഉൗർജവകുപ്പ് സെക്രട്ടറിയായിരുന്നു കണ്ണൻ. ആമ്പക്കാടൻ ജംഗ്ഷനിലെ ഐഎഎസ് ഹോട്ട്സ്പോട്ടിൽ സംഘടിപ്പിച്ച സംവാദത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കേണ്ട സമയത്ത് ആർജവം കാണിക്കണം: കണ്ണൻ ഗോപിനാഥൻ
12:26 AM Oct 13, 2019 | Deepika.com