ചങ്ങനാശേരി: കെഎസ്ഇബിയുടെ സെർവർ തകരാറിലായിട്ടു ദിവസങ്ങൾ പിന്നിടുന്നു. വൈദ്യുതി കണക്ഷൻ കാര്യങ്ങൾക്കു പണം അടയ്ക്കാൻ വൈദ്യുതി ഓഫീസിൽ എത്തുന്നവർ ഇതുമൂലം വലയുകയാണ്.
വർഷത്തിലൊരിക്കൽ കെഎസ്ഇബിയുടെ സെർവർ അപ്ഡേഷൻ നടത്തുന്നതിന്റെ ഭാഗമായി ഈ ആഴ്ച ആദ്യത്തോടെ സെർവർ ഓഫാക്കിയതാണു തകരാറിനു കാരണമെന്നാണ് അധികൃതർ പറയുന്നത്. കെഎസ്ഇബി ഉപയോഗിച്ചുവരുന്ന ഇൻഡ്രനെറ്റ് എന്ന സോഫ്റ്റ്വെയറിന്റെ പ്രവർത്തനം അപ്ഡേഷൻ മൂലം മൂന്നു ദിവസം തടസപ്പെടുമെന്നു കെഎസ്ഇബി പത്രക്കുറിപ്പ് നൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും സെർവർ തകരാറുകൾ പരിഹരിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പുതിയ കണക്ഷൻ, ബില്ല് അടയ്ക്കാനുള്ള സേവനങ്ങൾ, താരിഫുകൾ വ്യത്യാസപ്പെടുത്തൽ, ബില്ലിലെ പരാതികൾ, താത്കാലിക വെൽഡിംഗ് വർക്ക് പെർമിറ്റുകൾ തുടങ്ങിയവയ്ക്ക് എത്തുന്നവർക്കാണ് പ്രശ്നം. എന്നാൽ, വൈദ്യുതി ബില്ലടയ്ക്കുന്നതിനു തടസമില്ല.
കെഎസ്ഇബി സെർവർ തകരാറിൽ; ഉപയോക്താക്കൾ വലയുന്നു
11:29 PM Oct 11, 2019 | Deepika.com