തിരുവനന്തപുരം: നിയമ നിർമാണത്തിനായി വരുന്ന 28നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ നിലവിലെ 16 ഓർഡിനൻസുകൾ ബില്ലുകളാകും. സ്വകാര്യ വ്യക്തികളുടെ വസ്തുവകകൾക്കു നാശനഷ്ടമുണ്ടായാൽ തത്തുല്യമായ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥ ചെയ്യുന്ന കേരള പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേമെന്റ് ഓഫ് കോംപൻസേഷൻ ഓർഡിനൻസ് അടക്കമുള്ള 16 എണ്ണമാണു ബില്ലുകളാക്കാൻ നിയമസഭാ സമ്മേളനം പരിഗണിക്കുന്നത്.
ഇവയിൽ ഏതൊക്കെ ബില്ലുകൾ പരിഗണിക്കണമെന്നു നിയമസഭയുടെ കാര്യോപദേശക സമിതിയാകും തീരുമാനിക്കുക. പുറമേ പുതിയ ബില്ലുകളും പരിഗണനയ്ക്കു വരുമെന്നാണു വിവരം. ഈ മാസം 28നു തുടങ്ങുന്ന നിയമസഭാ സമ്മേളനം നവംബർ 21 വരെ നീളും.
നിയമസഭ പരിഗണിക്കുന്ന മറ്റു ബില്ലുകൾ: കേരള കർഷക കടാശ്വാസ കമ്മീഷൻ (ഭേദഗതി) ഓർഡിനൻസ്, കേരള പഞ്ചായത്തിരാജ് (ഭേദഗതി) ഓർഡിനൻസ്, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓർഡിനൻസ്, മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെന്റുകൾ (ഭേദഗതി) ഓർഡിനൻസ്, കേരള ആഭരണത്തൊഴിലാളി ഭേദഗതി ഓർഡിനൻസ്, കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്, കേരള പോലീസ് ഭേദഗതി ഓർഡിനൻസ്, മൂന്നാർ പ്രത്യേക ട്രൈബ്യൂണൽ ആക്ട് റദ്ദാക്കൽ ഓർഡിനൻസ്, സർവകലാശാലാ നിയമങ്ങൾ (രണ്ടാം നന്പർ ഭേദഗതി) ഓർഡിനൻസ്, സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ്, കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ഓർഡിനൻസ് (പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കൽ), പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ഓർഡിനൻസ്, കേരള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (ഭേദഗതി) ഓർഡിനൻസ്.
നിയമസഭാ സമ്മേളനം : പതിനാറ് ഓർഡിനൻസുകൾ ബില്ലുകളാകും
01:42 AM Oct 11, 2019 | Deepika.com