തിരുവനന്തപുരം: കൂടത്തായിയിലെ ദുരൂഹമരണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തിൽനിന്ന് 35 ആക്കി. അന്വേഷണസംഘത്തിന്റെ മേൽനോട്ടച്ചുമതല ഉത്തരമേഖല ഐജി അശോക് യാദവിനായിരിക്കും.
കണ്ണൂർ എഎസ്പി ഡി. ശിൽപ്പ, നാദാപുരം എഎസ്പി അങ്കിത് അശോകൻ, താമരശേരി ഡിവൈഎസ്പി കെ.പി. അബ്ദുൾ റസാക്ക്, തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി ശിവപ്രസാദ്, പോലീസ് ആസ്ഥാനത്തെ ഹൈ ടെക് സെൽ ഇൻസ്പെക്ടർ സ്റ്റാർമോൻ ആർ. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണത്തിന് സാങ്കേതികസഹായം നൽകുന്നതിന് ഐസിടി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നതൃത്വത്തിൽ പ്രത്യേകസംഘം ഉണ്ടായിരിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, ഫിംഗർ പ്രിന്റ് ബ്യൂറോ ഡയറക്ടർ, കണ്ണൂർ റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, കണ്ണൂർ റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂർ കേരളാ പോലീസ് അക്കാഡമിയിലെ ഫോറൻസിക് വിഭാഗം മേധാവിയും ജോയിന്റ് ഡയറക്ടറുമായ പി.ഷാജി എന്നിവരാണ് അംഗങ്ങൾ.
കൂടത്തായി കൊലപാതക പരന്പര : അന്വേഷണസംഘം വിപുലീകരിച്ചു
01:08 AM Oct 10, 2019 | Deepika.com