കാലഘട്ടത്തിന്റെ അതിർവരമ്പുകളെ അതിലംഘിച്ച് പ്രവർത്തനവേദിയായി കുടുംബങ്ങളെ തെരഞ്ഞെടുത്തവളാണ് മറിയം ത്രേസ്യ. കുടുംബങ്ങൾ കയറിയിറങ്ങിയ ത്രേസ്യ യാഥാർത്ഥ്യങ്ങൾ നേരിൽ കണ്ടു; അജ്ഞതയുടെ അന്ധകാരത്തിൽ ഉഴലുന്നവർ, അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുന്നവർ, തൊഴിലില്ലായ്മയാൽ സാമ്പത്തിക ഭദ്രത എന്തെന്നറിയാത്ത കുടുംബങ്ങൾ. കുടുംബത്തെ പടുത്തുയർത്തുന്നതിലും മക്കളെ വളർത്തുന്നതിലും കുടുംബത്തിലെ സ്ത്രീയുടെ പങ്ക് അവൾ തിരിച്ചറിഞ്ഞു. മകൾ, ജീവിത പങ്കാളി, അമ്മ എന്നീ ത്രിതല സാന്നിധ്യം കുടുംബത്തിനു കെടാവിളക്കാകണം - അതിന് സ്ത്രീ വിദ്യാഭ്യാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്നു മറിയം ത്രേസ്യ മനസിലാക്കി.
1914ൽ തിരുകുടുംബം (ഹോളി ഫാമിലി) എന്ന പേരിൽ സന്യാസിനീസമൂഹത്തിനു ജന്മംകൊടുത്ത അമ്മ കഴിയുംവേഗംതന്നെ പള്ളിക്കൂടങ്ങൾ സ്ഥാപിക്കുവാൻ ആരംഭിച്ചു. അമ്മയുടെ ആഗ്രഹത്തോടു വിതയത്തിൽ പിതാവിന്റെ ജ്ഞാനവും കർമവും ഒത്തുചേർന്നപ്പോൾ ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാന്ദികുറിച്ചുകൊണ്ട് 1915 ജൂണ്‍ ഒന്നിനു ഹോളിഫാമിലി എൽപി സ്കൂൾ പുത്തൻചിറ മഠത്തിനോടു ചേർന്നു സ്ഥാപിതമായി. തുടർന്നു സന്യാസിനീസമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനുമൊപ്പം പല വിദ്യാലയങ്ങളും ഉടലെടുത്തു.
ഇംഗ്ലീഷ് ഭാഷാപഠനത്തിന്റെ പ്രാധാന്യം മനസിലാക്കിയ അമ്മ തന്റെ കൊച്ചു സിസ്റ്റേഴ്സിനായി തൃശൂരിൽ ഒരു വീട് വാടകയ്ക്കെടുത്തു ബോർഡിംഗ് ഹൗസാക്കി. ആംഗ്ലോ ഇന്ത്യൻ അധ്യാപികമാരെ കൊണ്ടുവന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നും അഭ്യസ്തവിദ്യരായ യുവതികളെ അധ്യാപകരായി നിയമിച്ചു. സ്ത്രീകൾക്കും ഉന്നത വിദ്യാഭ്യാസം നൽകേണ്ടതാണെന്ന വലിയ ദർശനമാണ് ഈ ആഗ്രഹത്തിനു പിന്നിൽ.
1964 ൽ ഇരിങ്ങാലക്കുടയിൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് കോളജ് അമ്മയുടെ ഉന്നതമായ വിദ്യാഭ്യാസ ദർശനത്തിന്റെ സാക്ഷാത്കാരമാണ്. അമേരിക്കയിൽ വിവിധ വിഷയങ്ങളിൽ ഉപരിപഠനം നടത്തി അമ്മയുടെ മക്കളെത്തി, ഉന്നതമായ ആ കലാലയത്തിന് അടിത്തറ പാകുവാൻ. ‘’’’വിദ്യാർത്ഥിയിലൂടെ കുടുംബത്തിലേക്ക്’’’’ എന്ന നൂതന വീക്ഷണത്തിലൂടെ കുടുംബത്തെയും കുടുംബാംഗങ്ങളെയും മനസിലാക്കി, പ്രശ്നങ്ങൾ ആവുംവിധം പരിഹരിക്കാൻ സഹായിച്ച്, ജീവിതപുരോഗതിയിലേക്കും കുടുംബഭദ്രതയിലേക്കും ഉയർത്തി ഈശ്വരവിശ്വാസം ആഴപ്പെടുത്തി. ഹോളിഫാമിലി സന്യാസിനീസമൂഹത്തിന്റെ എല്ലാ പ്രേഷിത മേഖലകളിലൂടെയും അമ്മയുടെ ഉദാത്ത ദർശനം ഇന്നും സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
സിസ്റ്റർ ഷീല കുര്യാക്കോസ് സിഎച്ച്എഫ്
അമ്മയുടെ വിദ്യാഭ്യാസ ദർശനം
12:18 AM Oct 10, 2019 | Deepika.com