തൃശൂര്‍: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) കേരള ഘടകം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്സണ് പൂവന്തുരുത്ത് അര്‍ഹനായി. മാനസികാരോഗ്യം സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിന് ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം . ദീപികയില്‍ 2019 ഫെബ്രുവരി എട്ടു മുതല്‍ 13 വരെ പ്രസിദ്ധീകരിച്ച ‘കഞ്ചാവില്‍ കുരുങ്ങിയ കൗമാരം’ എന്ന പരമ്പരയ്ക്കാണ് പുരസ്കാരം. 15,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
ദൃശ്യമാധ്യമ വിഭാഗത്തില്‍ ദുരന്താനന്തരം എന്ന പരിപാടിക്ക് കൈരളി ടിവിയിലെ കെ. രാജേന്ദ്രനും ശ്രാവ്യ വിഭാഗത്തില്‍ ഓള് ഇന്ത്യ റേഡിയോയില്‍ അവതരിപ്പിച്ച പരിപാടികള്‍ക്ക് കൊച്ചി എഫ്എം പ്രോഗ്രാം എക്സിക്യൂട്ടീവ് ടി.പി. രാജേഷും അര്‍ഹനായി.
എന്‍എഫ്ഐ നാഷണല്‍ മീഡിയ ഫെലോഷിപ്, മുംബൈ പ്രസ് ക്ലബ് റെഡ് ഇങ്ക് അവാര്‍ഡ്, ചെന്നൈ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മീഡിയ ഫെലോഷിപ് എന്നിവ അടക്കം നിരവധി മാധ്യമ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ജോണ്സണ്, കോട്ടയം പൂവന്തുരുത്ത് ചാത്തനാട്ട് പുത്തന്‍പുരയ്ക്കല്‍ കെ.എം. തോമസിന്റെയും ജനോവയുടെയും മകനാണ്. ഭാര്യ: സോണിയ. മക്കള്‍: അല്‍ഫോന്‍സ, ഐനോവ, ആരില്ഡ.
ജോണ്സണ് പൂവന്‍തുരുത്തിന് ഐപിഎസ് മീഡിയ അവാര്‍ഡ്
01:09 AM Oct 09, 2019 | Deepika.com