മലപ്പുറം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്നു കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തും. രാവിലെ ഒൻപതിന് നാവികസേനയുടെ പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ഡോ.കെ.ടി. ജലീൽ, മലപ്പുറം ജില്ലാ കളക്ടർ ജാഫർ മലിക്, ജനപ്രതിനിധികൾ എന്നിവർ ചേർന്നു സ്വീകരിക്കും. തുടർന്ന് റോഡ് മാർഗം കോട്ടയ്ക്കലിലേക്ക് പോകും.
കോട്ടക്കലിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഇ.ടി. മുഹമ്മദ് ബഷീർ എംപി, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ആര്യവൈദ്യശാലയുടെ ഭാരവാഹികൾ എന്നിവർ ചേർന്ന് വൈസ് പ്രസിഡന്റിനെ സീകരിക്കും.
വിമാനത്താവളം - കൊട്ടപ്പുറം -പള്ളിക്കൽ ബസാർ -കാക്കഞ്ചേരി - കോട്ടയ്ക്കൽ വഴിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ സമയങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് 12നുമിടയിൽ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കോഴിക്കോട് - പാലക്കാട്, കോഴിക്കോട് - വളാഞ്ചേരി റൂട്ടുകളിൽ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയങ്ങളിൽ ചരക്ക് വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് യാത്രക്കാർ ഒരു മണിക്കൂർ നേരത്തേ എത്തണം.
ഉപരാഷ്ട്രപതി ഇന്നു കോട്ടയ്ക്കലിൽ
01:51 AM Sep 24, 2019 | Deepika.com