പള്ളുരുത്തി(കൊച്ചി): കൊച്ചിൻ കോർപറേഷനു കീഴിലുള്ള പള്ളുരുത്തി അഗതിമന്ദിരത്തിൽ അന്തേവാസിയായ യുവതിയെയും അമ്മയെയും അഗതിമന്ദിരം സൂപ്രണ്ട് മർദിച്ചതായി പരാതി.
ചേർത്തല സ്വദേശിനി രാധാമണി (38), ഇവരുടെ അമ്മ കാർത്യായനി എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ കളക്ടർ എസ്. സുഹാസ് പോലീസിനോട് നിർദേശിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് അഗതിമന്ദിരം സൂപ്രണ്ട് അൻവർ ഹുസൈനെ കസ്റ്റഡിയിലെടുത്തു.
ഒരുവർഷം മുൻപാണ് രാധാമണിയെ അഗതി മന്ദിരത്തിൽ എത്തിക്കുന്നത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നടത്തുന്ന യുവതിയെ കാണാൻ തിങ്കളാഴ്ച രാവിലെ ഇവരുടെ മാതാവ് അഗതിമന്ദിരത്തിൽ എത്തിയിരുന്നു. യുവതിയെ ഇവിടെ പ്രവേശിപ്പിക്കുമ്പോൾ 2,25,000 രൂപ ബാങ്കിൽ നിക്ഷേപിച്ച പാസ് ബുക്കും എടിഎം കാർഡും സ്വർണാഭരണങ്ങളും അഗതി മന്ദിരം ഓഫീസിൽ ഏൽപ്പിച്ചിരുന്നു. നിക്ഷേപിച്ച പണത്തിൽ കുറവു കണ്ടെത്തിയതിനെത്തുടർന്ന് ഇക്കാര്യം അന്വേഷിക്കുന്നതിനാണു കാർത്യായനി അഗതിമന്ദിരത്തിൽ എത്തിയത്.
ഓഫീസിൽ എത്തി വിവരം അന്വേഷിക്കുന്നതിനിടെ പ്രകോപിതനായ സൂപ്രണ്ട് ഇരുവരെയും മർദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സൂപ്രണ്ട് ഓഫീസിൽനിന്നു മുങ്ങിയെങ്കിലും ഇന്നലെ രാത്രിയോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ജനുവരിയിൽ കോർപറേഷന്റെ അനുമതിയില്ലാതെ സൂപ്രണ്ടിന്റെ തിരുവനന്തപുരത്തുള്ള വീട്ടിൽ രണ്ടു മാസത്തോളം രാധാമണിയെ വീട്ടുജോലിയെടുപ്പിച്ചതായും പരാതിയിലുണ്ട്.
ജോലി ചെയ്ത പണം ആവശ്യപ്പെട്ടപ്പോൾ യുവതിയെ വീട്ടിൽവച്ച് നിരവധി തവണ മർദിച്ചതായും പറയുന്നു. തുടർന്നു കഴിഞ്ഞ ദിവസം രാധാമണി കോർപറേഷൻ സെക്രട്ടറിക്കും മേയർക്കും പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. യുവതിയെ കരുവേലിപ്പടി ഗവ. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
സൂപ്രണ്ട് ശല്യക്കാരനെന്നു കൗൺസിലർ
സൂപ്രണ്ട് ശല്യക്കാരനെന്നു കൊച്ചിൻ കോർപറേഷൻ ഡിവിഷൻ കൗൺസിലർ ഗീതാ പ്രഭാകരൻ. അഗതിമന്ദിരത്തിലെ വനിതകൾ ഉൾപ്പെടെയുള്ള അന്തേവാസികളോട് വളരെ മോശമായാണ് ഇയാൾ പെരുമാറുന്നത്. കോർപറേഷന്റെ അനുമതിയില്ലാതെ സുപ്രണ്ടിന്റെ വീട്ടിൽ ജോലിക്ക് കൊണ്ടുപോയപ്പോൾ താൻ എതിർത്തിരുന്നു. മറ്റൊരു കൗൺസിലറുടെ വീട്ടിൽ ഇവരെ ജോലിക്ക് കൊണ്ടുപോകാനുള്ള സൂപ്രണ്ടിന്റെ ശ്രമവും എതിർത്തിരുന്നതായി ഗീതാ പ്രഭാകരൻ പറഞ്ഞു.ഉന്നത ഉദ്യോഗസ്ഥരാണ് ഇയാളെ സംരക്ഷിക്കുന്നതെന്നും കൗൺസിലർ പറഞ്ഞു.
അഗതിമന്ദിരത്തിൽ യുവതിക്കും അമ്മയ്ക്കും മർദനം
11:46 PM Sep 23, 2019 | Deepika.com