തിരുവനന്തപുരം: കിഫ്ബി വഴി വൈദ്യുതി ബോർഡ് നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ നിർമാണ കരാറുകൾ വൻകിട കമ്പനികൾക്കു നൽകിയതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് 10 ചോദ്യങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കിഫ്ബിയും കെഎസ്ഇബിയും തമ്മിലുള്ള മുഴുവൻ കരാർ രേഖകളും വ്യക്തമാക്കമോയെന്നും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് ചോദിച്ചു. കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായ കോട്ടയം, കോലത്തുനാട് ലൈൻസ് പദ്ധതികളുടെ നിർമാണ കരാർ നിശ്ചയിച്ച ടെൻഡർ നിരക്കിന്റെ 50 മുതൽ 65 വരെ ശതമാനം ഉയർന്ന നിരക്കിൽ വൻകിട കന്പനികൾക്കു നൽകിയതിൽ ക്രമക്കേടും അഴിമതിയുമുണ്ടെന്നു രമേശ് ആരോപിച്ചു.
2017ൽ അന്നത്തെ ധന അഡീഷണൽ ചീഫ്സെക്രട്ടറിയും ഇന്നത്തെ കിഫ്ബി സിഇഒയുമായ കെ.എം. ഏബ്രഹാം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പദ്ധതിയുടെ ടെൻഡർ നടപടിയിൽ ക്വാട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയുടെ പത്തു ശതമാനത്തിൽ കൂടുതലാണെങ്കിൽ അത് റീ ടെൻഡർ ചെയ്യണം. തുടർന്നും ഇതു സംഭവിച്ചാൽ എസ്റ്റിമേറ്റ് പുതുക്കണം. സർക്കാർ ഉത്തരവുകൾ കെഎസ്ഇബിക്കു ബാധകമല്ലെന്നു കരുതുന്നുണ്ടോ?
പൊതുമേഖലാ സ്ഥാപനങ്ങൾക്കു കന്പോള നിരക്കിലും ഉയർന്ന വായ്പ നൽകുന്ന വട്ടിപ്പലിശക്കാരന്റെ ജോലിയിലേക്ക് കിഫ്ബി ഒതുങ്ങിപ്പോയതെങ്ങനെ? ഇതിന്റെ ലോണ് എഗ്രിമെന്റ് ലഭ്യമാക്കാമോ? മസാല ബോണ്ട് അടക്കമുള്ള മാർഗങ്ങളിലൂടെ 10 ശതമാനം പലിശക്ക് തുക ലഭ്യമാക്കിയ ശേഷം 8-9 ശതമാനം പലിശക്ക് വായ്പ നൽകുന്നതിലെ സാന്പത്തിക ശാസ്ത്രം പരിശോധിക്കണം.
കെഎസ്ഇബി പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നത് സംസ്ഥാന സർക്കാർ നിഷ്കർഷിക്കുന്ന പിഡബ്ളിയുഡി നിരക്കിലല്ലാ മറിച്ച് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് പ്രകാരമാണെന്നാണ് കെഎസ്ഇബിയുടെ വാദം. സർക്കാർ കന്പനികൾ പിഡബ്ല്യുഡി നിരക്കിൽ എസ്റ്റിമേറ്റുകൾ തയാറാക്കണമെന്നിരിക്കെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് അംഗീകരിച്ചു നടപ്പാക്കുന്നത് ബോർഡ് അംഗീകരിച്ചിട്ടുണ്ടോ? കടബാധ്യതയിൽ പെട്ട് നിൽക്കുന്ന കെഎസ്ഇബി ഈ തുക എങ്ങനെ തിരിച്ചടയ്ക്കും?
കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റ് തുകയേക്കാൾ 60 ശതമാനത്തിലും ഉയർന്ന നിരക്കിലാണ് വച്ചിരിക്കുന്നത്. ട്രാൻസ്ഗ്രിഡിന്റെ പദ്ധതികൾക്കായി ബോർഡിന്റെ ജൂണിയർ ഡെപ്യൂട്ടി ചീഫ് എൻജിനി യറെ ചീഫ് എൻജിനിയറുടെ അധിക ചുമതല കൊടുത്ത് അവിടെ നിയമിച്ചു. നിരവധിപ്പേരെ മറികടന്നാണ് അദ്ദേഹത്തെ എസ്റ്റിമേറ്റ് തയാറാക്കാൻ നിയമിച്ചത്. ഇദ്ദേഹം ചീഫ് എൻജിനിയറായപ്പോൾ ഉത്തരമേഖലാ ചീഫ് എൻജിനിയറായി നിയമിച്ച് ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ പൂർണ ചുമതല നൽകി. പിന്നീട് ട്രാൻസ്ഗ്രിഡ് ചീഫ് എൻജിനിയറുടെ തസ്തികയുണ്ടാക്കുകയും ഇദ്ദേഹത്തത്തന്നെ നിയമിക്കുകയും ചെയ്തതിനെക്കുറിച്ചു വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു.
ട്രാൻസ്ഗ്രിഡ് കരാറിലെ അഴിമതി: മുഖ്യമന്ത്രിയോടു 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവിന്റെ കത്ത്
01:19 AM Sep 23, 2019 | Deepika.com