കൊച്ചി: ഹണി ട്രാപ്പ് ഓപ്പറേഷനിലൂടെ പ്രവാസി വ്യവസായിയിൽനിന്നു പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്ത്രീയടക്കമുള്ള നാലംഗസംഘം പിടിയിൽ. ഖത്തറിലുള്ള മലയാളി വ്യവസായിയെ ഹണി ട്രാപ്പ് ഓപ്പറേഷൻ വഴി തട്ടിപ്പിനിരയാക്കിയ കേസിൽ മുഖ്യസൂത്രധാരൻ പയ്യന്നൂർ വെള്ളോരാ എരമംകുട്ടൂർ മുണ്ടയോട്ട് സവാദ് (25), തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26), തളിപ്പറന്പ് പുൽക്കൂൽ അസ്കർ (25), കണ്ണൂർ കടന്നപ്പള്ളി ആലക്കാട് ഭാഗം കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27) എന്നിവരെയാണ് സെൻട്രൽ പോലീസ് അറസ്റ്റുചെയ്തത്.
ഖത്തറിൽ വച്ചാണ് പ്രതികൾ വ്യവസായിയെ ചതിയിൽപ്പെടുത്തുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യവസായിയുമായി സൗഹൃദം സ്ഥാപിച്ച മേരി വർഗീസ് പിന്നീട് ഇയാളെ തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തുകയും സവാദിന്റെ സഹായത്തോടെ ഒളികാമറ വഴി വ്യവസായിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീടു നാട്ടിലേക്കുപോയ വ്യവസായിയുടെ ഫോണിലേക്ക് പ്രതികൾ നഗ്നചിത്രങ്ങൾ അയയ്ക്കുകയും ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. അത്രയും തുക നൽകാൻ ഇല്ലെന്നു പറഞ്ഞ വ്യവസായി വിവരം തന്റെ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്തിന്റെ ഉപദേശപ്രകാരം പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
എറണാകുളം എസിപി ലാൽജിക്കു കിട്ടിയ പരാതി സെൻട്രൽ പോലീസിനു കൈമാറി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനായി പോലീസ് പരാതിക്കാരനെക്കൊണ്ടു പ്രതികളുടെ അക്കൗണ്ടിലേക്കു പണം അയപ്പിച്ചു. ബാങ്ക് വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് കണ്ണൂർ തളിപ്പറന്പിലുള്ള എടിഎമ്മിൽ നിന്ന് പ്രതികൾ പണം പിൻവലിച്ചതായി കണ്ടെത്തി. ഇവിടെ പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
പ്രതികൾ തളിപ്പറന്പിൽനിന്നു ബംഗളൂരുവിലേക്ക് പോയതായി മനസിലാക്കിയ പോലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. ഇതിനിടെ പ്രതികൾ മടിക്കേരിയിലെ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതനുസരിച്ച് ഇവിടെ എത്തി പിടികൂടുകയായിരുന്നു.
നിരവധി വിദേശ മലയാളികൾ പ്രതികളുടെ വലയിൽ വീണതായി പോലീസിന് ചോദ്യംചെയ്യലിൽ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങും.സെൻട്രൽ സിഐ എസ്. വിജയശങ്കറുടെ നേതൃത്വത്തിൽ സെൻട്രൽ എസ്ഐ കിരണ് സി. നായർ, അസി. എസ്എെ എസ്.ടി. അരുൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.എം. ഷാജി, അനീഷ്, ഒ.എം. ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിദേശമലയാളിയിൽനിന്നു പണം തട്ടാൻ ശ്രമം; സ്ത്രീയടക്കം 4 പേർ അറസ്റ്റിൽ
01:19 AM Sep 23, 2019 | Deepika.com