കോലഞ്ചേരി: കോലഞ്ചേരി എംഒഎസ്സി (മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച്) മെഡിക്കൽ മിഷൻ ആശുപത്രിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒട്ടേറെ സാമൂഹ്യ പ്രതിബദ്ധത പുലർത്തുന്ന, വീക്ഷണമുള്ള ആതുരാലയത്തിന് ചെയ്യാൻ കഴിയുന്ന പരിപാടികളാണ് എംഒഎസ്സി മെഡിക്കൽ കോളജ് നടപ്പിലാക്കി വരുന്നതെന്നും ഇനിയും കൂടുതൽ ഉയർച്ചയിലേക്ക് എത്താൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
സുവർണ ജൂബിലിയോട് അനുബന്ധിച്ച് ആശുപത്രി നടത്തുന്ന 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആദ്യ രോഗി ടി.സി.മാത്യുവിന് അനുമതിപത്രം നൽകി നിർവഹിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന 1,000 സൗജന്യ തിമിര ശസ്ത്രക്രിയാ പരിപാടിയുടെ ഉദ്ഘാടനം മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഐക്കോണിക് കാർഡ് വി.പി. സജീന്ദ്രൻ എംഎൽഎ പ്രകാശനംചെയ്തു.
സുവർണ ജൂബിലിയോട് അനുബന്ധിച്ച് 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകൾക്കും 1000 സൗജന്യ തിമിര ശസ്ത്രക്രിയകൾക്കും പുറമേ ഒരു വർഷത്തിനിടെ 10,000 വിദ്യാർഥികൾക്കു സൗജന്യ ആരോഗ്യ പരിശോധനയും നടത്തും. ഇതു കൂടാതെ അർബുദ ചികിത്സാ പരിപാടികൾ, പട്ടികവർഗ കോളനികളിൽ ആരോഗ്യപരിപാലന പരിപാടികൾ, മെഗാ മെഡിക്കൽ പ്രദർശനം, മെഡിക്കൽ കോണ്ഫറൻസുകൾ, ബോധവൽകരണ പരിപാടികൾ, തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയവയും ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. സുവർണ ജൂബിലി വർഷത്തിൽ ആശുപത്രിയിൽ ജനിക്കുന്ന തെരഞ്ഞെടുക്കുന്ന കുഞ്ഞുങ്ങൾക്കായി നടപ്പാക്കുന്ന നൂതന സംരംഭമാണ് ഐക്കോണിക് കാർഡ്.
1970 സെപ്റ്റംബർ 14ന് 100 കിടക്കകളുമായി പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ ഇന്ന് 1,100 കിടക്കകൾ ഉണ്ട്. 200 ഡോക്ടർമാരും 1600 ഓളം ജീവനക്കാരും സേവനമനുഷ്ഠിക്കുന്നു. അർഹരായ രോഗികൾക്കു സൗജന്യ ചികിത്സയും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു സ്കോളർഷിപ്പും ആശുപത്രി നൽകിവരുന്നുണ്ട്. ഇതിനു പുറമേ ആറ് അനുബന്ധ കമ്യൂണിറ്റി സെന്ററുകളിലൂടെ സൗജന്യ മെഡിക്കൽ സേവനവും നേത്രരോഗ പരിപാലനവും ലഹരി വിമുക്ത ചികിത്സകളും മെഡിക്കൽ ക്യാന്പുകളും സംഘടിപ്പിച്ചുവരുന്നു.
മെഡിക്കൽ കോളജ് വൈസ് പ്രസിഡന്റ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, ഐക്കരനാട്, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.രാജു, ഷിജിമോൾ അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ആശുപത്രി സെക്രട്ടറിയും സിഇഒ യുമായ ജോയ് പി. ജേക്കബ് സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് നന്ദിയും പറഞ്ഞു.
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി സുവർണജൂബിലി ആഘോഷത്തിനു തുടക്കം
12:56 AM Sep 23, 2019 | Deepika.com