കോട്ടയം: സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ക്രിസ്തീയ സാക്ഷ്യജീവിതം നയിക്കാൻ തയാറാകണമെന്നു മലങ്കര സുറിയാനി കത്തോലിക സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 89-ാം പുനരൈക്യ വാർഷികാഘോഷവും ബഥനി ആശ്രമ ശതാബ്ദി ആഘോഷവും സഭാസംഗമത്തോടും അനുബന്ധിച്ചു നടന്ന ആഗോള അല്മായ സംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവ സേവനത്തേക്കാൾ ഉത്തമം ദൈവസന്പാദനമെന്ന ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ഉത്ബോധനം നമ്മുടെ വ്യക്തിജീവിതത്തിൽ പുലർത്തണമെന്നും മാർ ക്ലീമിസ് ബാവ പറഞ്ഞു.
ഗിരിദീപം ബഥനി സ്കൂൾ കാന്പസിലെ മാർ തെയോഫിലോസ് നഗറിൽ ചേർന്ന സമ്മേളനത്തിൽ എംസിഎ സഭാതലസമിതി പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടൻ എംപി മുഖ്യസന്ദേശം നൽകി. എംസിഎ സഭാതലസമിതി ചെയർമാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഫാ. ജോണ് അരീക്കൽ, ബഥനി സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള പീടികയിൽ ഒഐസി, ചെറിയാൻ ചെന്നീർക്കര, പ്രഫ.തോമസുകുട്ടി പനച്ചിക്കൽ, പി.കെ. ജോസഫ്, കെ. ബാബു അന്പലത്തുംകാലാ, ബിജു പറയന്നിലം തുടങ്ങിയവർ പ്രസംഗിച്ചു. മുൻ ഡിജിപി ജേക്കബ് പുന്നൂസ് സെമിനാർ നയിച്ചു.
സമാപന സമ്മേളനത്തിൽ ഡി. അനിലകുമാരി, സാം ഗ്രീൻസ്, ശോശാമ്മ തോമസ്, എം.കെ. ഗീവർഗീസ്, ജേക്കബ് തോമസ്, ബിജു ജോർജ്, ജോജി വിഴാലിൽ എന്നിവർ പ്രസംഗിച്ചു. എംസിഎ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് നിർവഹിച്ചു.
പരിസ്ഥിതി, കാർഷിക, ഭക്ഷ്യ, സാന്പത്തിക സാക്ഷരതാ പദ്ധതികളെ സംബന്ധിച്ച വിഷയാവതരണം ഫാ. ജോർജ് വെട്ടിക്കാട്ടിൽ നടത്തി. കുവൈറ്റ് മലങ്കര റീത്ത് മൂവ്മെന്റിന്റെ വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു. പുനരൈക്യ വാർഷികവും ബഥനിയുടെ ശതാബ്ദി ആഘോഷ സമാപന സമ്മേളനവും ഇന്നു നടക്കും.
ആവേശം പടർത്തി അല്മായ സംഗമം
12:23 AM Sep 20, 2019 | Deepika.com