കൊച്ചി: കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് (എംഒഎസ്സി) മെഡിക്കൽ മിഷൻ ആശുപത്രിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ 22ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സുവർണജൂബിലിയോട് അനുബന്ധിച്ച് ആശുപത്രി നടത്തുന്ന 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആദ്യ രോഗിക്ക് അനുമതിപത്രം നൽകി നിർവഹിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന 1000 സൗജന്യ തിമിര ശസ്ത്രക്രിയ പരിപാടി വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജൂബിലി പ്രോഗ്രാം ബ്രോഷർ ബെന്നി ബെഹനാൻ എംപിയും ഐക്കോണിക് കാർഡ് വി.പി. സജീന്ദ്രൻ എംഎൽഎയും പ്രകാശനം ചെയ്യുമെന്നും ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സുവർണ ജൂബിലിയോട് അനുബന്ധിച്ച് 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും 1000 സൗജന്യ തിമിര ശസ്ത്രക്രിയകൾക്കും പുറമേ ഒരു വർഷത്തിനിടെ 10,000 വിദ്യാർഥികൾക്കു സൗജന്യ ആരോഗ്യ പരിശോധനയും നടത്തുന്നതാണ്.
1970 സെപ്റ്റംബർ 14നു 100 കിടക്കകളുമായി പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ ഇന്നു 1100 കിടക്കകളും 34 ക്ലിനിക്കൽ, ക്ലിനിക്കൽ ഇതര വകുപ്പുകളും ഉണ്ട്. ആശുപത്രിയിൽ നിലവിൽ 200 ഡോക്ടർമാരും 1600 മറ്റു ജീവനക്കാരും പ്രവർത്തിക്കുന്നു.
എംഒഎസ്സി മെഡിക്കൽ മിഷൻ ആശുപത്രി സിഇഒ ജോയ് പി. ജേക്കബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി.വി. തോമസ്, എച്ച് ആർ മാനേജർ അഡ്വ. ബിജോയ് കെ. തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി സുവർണ ജൂബിലി ആഘോഷം 22ന്
11:59 PM Sep 19, 2019 | Deepika.com