കോട്ടയം: സാന്പത്തിക മാന്ദ്യത്തിന്റെ ആഘാതം വാഹന വ്യവസായത്തെ പഞ്ചറാക്കിയെന്ന ന്യായീകരണത്തിൽ ടയർ കന്പനികൾ ഷീറ്റ് വാങ്ങാതെ മാർക്കറ്റ് വിട്ടുനിൽക്കുന്നു. റബർ വ്യാപാരം നിശ്ചലമായതോടെ റബർ ഷീറ്റ് ആർഎസ്എസ് നാല് ഗ്രേഡിന് വില 130 രൂപയായി. വ്യാപാരം നടന്നതാവട്ടെ 127-128 രൂപയ്ക്കും. തരംതിരിക്കാത്ത റബറിന് 125 രൂപയിൽ താഴെയാണ് വില. മൂന്നാഴ്ചക്കുള്ളിൽ കിലോയ്ക്ക് 12 രൂപയുടെ ഇടിവാണ് ഷീറ്റിനുണ്ടായത്.
സാന്പത്തിക തകർച്ചയിൽ നടുവൊടിഞ്ഞ കർഷകർ റെയിൻ ഗാർഡിട്ട് ടാപ്പിംഗ് നടത്തി ഉത്പാദനം ഉയർത്തിയപ്പോഴാണ് റബർ കടകൾക്കു താനേ ഷട്ടർ വീഴുന്നത്. പ്രമുഖ അഞ്ചു ടയർ കന്പനികളും ഷീറ്റ് വാങ്ങുന്നില്ല. കഴിഞ്ഞയാഴ്ച വ്യാപാരികളുടെ പ്രതിനിധികൾ പ്രതിസന്ധി അറിയിച്ചു റബർ ബോർഡിനെ സമീപിച്ചപ്പോൾ പത്തു ടണ്ണിൽ താഴെ ചരക്ക് വാങ്ങാൻ മാത്രം ചില കന്പനികൾ താത്പര്യപ്പെട്ടു. വാങ്ങിയ സ്റ്റോക്ക് വിൽക്കാനാവാതെയും വിലയിടിവിലും വ്യാപാരികളും പ്രതിസന്ധിയിലാണ്. വിദേശത്തും വില താഴുന്ന സാഹചര്യത്തിൽ റബർ കർഷകരുടെ ആശങ്കയും നെഞ്ചിടിപ്പും ഉയരുകയാണ്. തുലാമഴയ്ക്കു ശേഷം ഉത്പാദനം മെച്ചപ്പെടുന്ന സീസണിൽ വില താഴുമെന്ന സൂചനയാണു മാർക്കറ്റ് വൃത്തങ്ങൾ നൽകുന്നത്.
ചരക്ക് വാങ്ങൽ ഒരു മാസം മുൻപ് ഭാഗികമായി കുറച്ചുതുടങ്ങിയ ടയർ കന്പനികളുടെ വിട്ടുനിൽപ് പൂർമണമായതോടെ ചരക്ക് വാങ്ങാനും വിൽക്കാനും പറ്റാത്ത സാഹചര്യം ഉടലെടുത്തു. വാഹനവിൽപനയും ടയർ വിൽപനയും കുറയുന്നുവെന്ന മാധ്യമവാർത്തകളും വിപണിയിൽ ഇരുൾവീഴ്ത്തി. ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന് റബർ ബോർഡ് പ്രഖ്യാപിത വില 130 രൂപയായിരുന്നു. ഈ ദയനീയമായ സാഹചര്യത്തിലും റബർ ഇറക്കുമതി വ്യവസായികൾ കുറയ്ക്കുന്നില്ല. കഴിഞ്ഞ മാസം ആഭ്യന്തര ഉത്പാദനം 35,000 ടണ്‍. ഇറക്കുമതിയാവട്ടെ 54,000 ടണ്‍. വില കുത്തനെ ഇടിയുന്ന ഈ വാരത്തിലും വിദേശ ക്രംബ് റബർ വൻതോതിൽ എത്തിച്ചുകൊണ്ടിരിക്കുന്നു.
ഏപ്രിൽമുതൽ ജൂലൈവരെ റബർ ആഭ്യന്തര ഉത്പാദനം 1,83,000 ടണ്‍. കഴിഞ്ഞ സാന്പത്തിക വർഷം ഇതേ കാലാവധിയിലെ ഉത്പാദനം 1,72,000 ടണ്‍. ഇക്കൊല്ലം ഏപ്രിൽ മുതൽ ജൂലൈ വരെ ഇറക്കുമതി 1,49, 896 ടണ്‍. കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ 1,68, 985 ടണ്‍. ഉപയോഗമാകട്ടെ ഇക്കൊല്ലം ഏപ്രിൽ -ജൂലൈ മാസങ്ങളിൽ 3,89, 620 ടണ്‍.
കഴിഞ്ഞ വർഷത്തെ ഉപയോഗം ഇതേ മാസങ്ങളിൽ 4,09,540 ടണ്‍. ആഭ്യന്തര ഉത്പാദനത്തേക്കാൾ ഏറെ ഉയരത്തിലാണ് ഇറക്കുമതിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കയറ്റുമതിയാവട്ടെ ഇക്കാലങ്ങളിലെല്ലാം നാമമാത്രമാണ്.
റെജി ജോസഫ്
റബർ വിപണി നിശ്ചലം: കർഷകരും വ്യാപാരികളും തകർച്ചയിൽ
11:44 PM Sep 19, 2019 | Deepika.com