കണ്ണൂർ: മരടിലെ ഫ്ളാറ്റിന്റെ നിർമാതാക്കളാണ് കുറ്റവാളികളെന്നും അവരാണ് ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിച്ചതെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
പണത്തിന്റെ ഹുങ്കിൽ എന്തു നിയമവിരുദ്ധ പ്രവർത്തനവുമാകാമെന്ന അവസ്ഥയിൽ നിയമത്തെ വെല്ലുവിളിക്കുകയാണ് നിർമാതാക്കൾ. പുനരധിവാസത്തിനും പൊളിച്ചുനീക്കാനുമുള്ള പണം നിർമാതാക്കളിൽനിന്ന് ഈടാക്കണം. നിയമങ്ങൾ വൻകിടക്കാർക്ക് ബാധകമല്ലെന്ന അവസ്ഥ ഉണ്ടാകരുത്. മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്നും സുധീരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.
നിയമവിരുദ്ധമായ നിർമാണപ്രവൃത്തികൾക്ക് അന്ത്യംകുറിക്കേണ്ട സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും ഫ്ളാറ്റ് നിർമാണത്തിന് അനുമതി നൽകിയ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ജില്ലാഭരണകൂടത്തിനുമെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റവാളികൾ നിർമാതാക്കളെന്ന് വി.എം. സുധീരൻ
12:21 AM Sep 18, 2019 | Deepika.com