കോഴിക്കോട്: കണ്ണൂരിൽ കരാറുകാരൻ മരിച്ച സംഭവത്തിൽ സർക്കാർ ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ. മുരളീധരൻ എംപി. ട്രസ്റ്റ് രൂപീകരണത്തിൽ നിയന്ത്രണം വേണമെന്നും ലീഡർ കെ. കരുണാകരന്റെ പേര് ഇത്തരം ട്രസ്റ്റുകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മുരളീധരൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ ട്രസ്റ്റ് നടത്തിപ്പിൽ ലീഡർ കരുണാകരന്റെ കുടുംബത്തിന് യാതൊരു പങ്കുമില്ല. വിഷയത്തിൽ സർക്കാർ ഉചിതമായ അന്വേഷണം നടത്തണമെന്നും എംപി പറഞ്ഞു.
കരുണാകരന്റെ പേരിൽ ഇത്തരം ചീത്തപ്പേരുകൾ ഇനി ഉണ്ടാവരുത്. അതുകൊണ്ടുതന്നെ ട്രസ്റ്റുകൾ രൂപീകരിക്കുന്നതിൽ നിയന്ത്രണം വേണം. നിലവിൽ ഔദ്യോഗികമായി കരുണാകരന്റെ പേരിൽ ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യപ്പെടാന്‍ പാടില്ല. പാർട്ടി തലത്തിൽ തീരുമാനം ഉണ്ടാവാൻ വിഷയം പാർട്ടിയെ അറിയിക്കും എന്നും അദ്ദേഹം പറഞ്ഞു.
ത്രിഭാഷാ നയമാണ് എക്കാലവും കോൺഗ്രസിന്റേത്. ആ നയത്തിൽ പാർട്ടി ഉറച്ചു നിൽക്കുന്നു. മരട് ഫ്ലാറ്റ് വിഷയത്തിൽ അനുമതി കൊടുത്തവർക്കെതിരേ കർശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരന്റെ പേര് ട്രസ്റ്റുകൾക്ക് വേണ്ടി ദുരുപയോഗിക്കരുത്: കെ. മുരളീധരൻ എംപി
01:17 AM Sep 16, 2019 | Deepika.com