കോട്ടയം: മരട് ഫ്ളാറ്റ് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുന്പോൾ നിയമലംഘനം നടത്താത്ത നിരപരാധികൾ ശിക്ഷിപ്പെടുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നു ജോസ് കെ. മാണി എംപി.
പാരിസ്ഥിതിക നിയമങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണു കോടതിവിധിയെങ്കിലും കെട്ടിടനിർമാണാനുമതിയുമായി നേരിട്ടു ബന്ധമില്ലാത്ത ഫ്ളാറ്റ് ഉടമകൾക്കു സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. ഇവർ തെരുവിലാക്കപ്പെടുന്ന സ്ഥിതിക്കു പരിഹാരം ഉണ്ടാക്കാൻ മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടണം.
357 കുടുംബങ്ങൾക്കു പാർപ്പിടം നഷ്ടമാകുന്ന അവസ്ഥയ്ക്കു പരിഹാരം കാണാൻ നിയമപരമായ എല്ലാ സാധ്യതകളും സർക്കാർ തേടണം. കേന്ദ്രസർക്കാരിനെ ഈ ഗുരുതര സാഹചര്യം ബോധ്യപ്പെടുത്തി ഈ വിഷയത്തിൽ ഇടപെടിക്കാനാകണം.
ഇത്രയും വലിയ കെട്ടിടസമുച്ചയം പൊളിച്ചു മാറ്റുന്പോഴുണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കോടതിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്താനും നടപടി ഉണ്ടാകണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
നിരപരാധികളെ ശിക്ഷിക്കരുത്: ജോസ് കെ. മാണി
12:44 AM Sep 14, 2019 | Deepika.com