കോഴിക്കോട്: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. സുപ്രീം കോടതിവിധി നിലനില്‍ക്കുമ്പോഴും മരടിലെ ഫ്ലാറ്റ് ഉടമകളോട് സര്‍ക്കാര്‍ അനുഭാവസമീപനം സ്വീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ നല്കിയ നിവേദനം കേന്ദ്രമന്ത്രാലയത്തിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. നിയമംലംഘിച്ചാണ് ഫ്ലാറ്റ് നിര്‍മിച്ചതെങ്കില്‍ അതിന് അനുമതി നല്കിയവരെയും നിര്‍മിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
മരട് മുനിസിപ്പാലിറ്റി ഭരിച്ചവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഇതൊന്നുമറിയാതെ ഫ്ലാറ്റ് വാങ്ങിയവരുണ്ടെങ്കില്‍ അവര്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കരുതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്രണിതഹൃദയര്ക്കൊപ്പം നില്ക്കുക എന്നതാണ് രാഷ്ട്രീയപാര്‍ട്ടി എന്നനിലയില്‍ ബിജെപിക്ക് ചെയ്യാനുള്ളത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം പ്രശ്നത്തില്‍ ജില്ലാകമ്മിറ്റി സജീവമായി ഇടപെടും. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് എന്തുതരത്തിലുള്ള സഹായം ചെയ്യാന്‍ കഴിയുമെന്ന കാര്യം ആലോചിക്കും. മരട് വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നാളെ മുതല്‍ 20 വരെ സംസ്ഥാനത്തുടനീളം സേവനവാരമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരട് ഫ്ളാറ്റ് ഉടമകൾക്ക് പിന്തുണയുമായി ബിജെപി
12:32 AM Sep 14, 2019 | Deepika.com