നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ)വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 3.40 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. രണ്ടു വിമാനങ്ങളിലായി എത്തിയ യാത്രക്കാരിൽനിന്നാണ് ഇത്രയധികം സ്വർണ മിശ്രിതം പിടികൂടിയത്.
മഞ്ചേരി സ്വദേശി നൗഷാദിൽനിന്നു 1.96 കിലോഗ്രാം സ്വർണമിശ്രിതമാണു പിടികൂടിയത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽനിന്നാണ് ഇയാൾ നെടുമ്പാശേരിയിൽ എത്തിയത്. അബുദാബിയിൽനിന്നുള്ള ഇത്തിഹാദ് വിമാനത്തിൽ എത്തിയ യാസിം എന്നയാൾ 1.44 കിലോഗ്രാം സ്വർണമിശ്രിതമാണ് കടത്താൻ ശ്രമിച്ചത്.
ഇരുവരും ശരീരത്തിലാണു മിശ്രിതം ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്നാണ് ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ പരിശോധനയ്ക്കെത്തിയത്. രണ്ടു പേരിൽനിന്നായി പിടികൂടിയ സ്വർണമിശ്രിതത്തിൽനിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം വേർതിരിച്ചെടുക്കാനാകും.
നെടുന്പാശേരിയിൽ വൻ സ്വർണവേട്ട
01:19 AM Aug 26, 2019 | Deepika.com