തിരുവനന്തപുരം: കെ.എം. മാണിയുടെ നിര്യാണത്തത്തുടർന്ന് ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിൽ സെപ്റ്റംബർ 23ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പി.ബി. അബ്ദുൾ റസാക്കിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞ മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബറിലേക്കു നീളും. ലോക്സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ച നാലു നിയമസഭാ മണ്ഡലങ്ങളിലും നവംബറിലാകും ഉപതെരഞ്ഞെടുപ്പു നടക്കുക.
പാലാ അടക്കമുള്ള ആറു മണ്ഡലങ്ങളിലും ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പു നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പാലായുടെ ആറുമാസത്തെ സമയപരിധി ഒക്ടോബർ ഒൻപതിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അധികൃതർ പറയുന്നത്. മറ്റു ഉപതെരഞ്ഞെടുപ്പുകളെല്ലാം നവംബറിലാകും നടക്കുക. പാലായുടെ പ്രതിനിധിയായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നുള്ള ഒഴിവ് ഒക്ടോബർ ഒൻപതിന് ആറുമാസം പിന്നിടും. കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു കെ.എം. മാണി അന്തരിച്ചത്.
പി.ബി. അബ്ദുൽ റസാക്കിന്റെ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരത്ത് ഒഴിവ് വന്നിട്ട് ഈ ഒക്ടോബറിൽ ഒരു വർഷം പൂർത്തിയാകും. 2018 ഒക്ടോബറിലാണ് അബ്ദുൾ റസാഖ് അന്തരിച്ചത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ജയിച്ച പിബി അബ്ദുൾ റസാഖിനെതിരേ എതിർസ്ഥാനാർഥിയായ ബിജെപിയിലെ കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ കേസ് കഴിഞ്ഞ ജൂലൈയിൽ പിൻവലിച്ചെങ്കിലും നിയമപരവും സാങ്കേതികവുമായ ചില നടപടികൾ പൂർത്തിയാക്കാനുള്ളതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വൈകിയത്. നിയമപരമായ നടപടി പൂർത്തിയാക്കിയെങ്കിൽ പാലാക്കൊപ്പം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പു നടക്കുമായിരുന്നു.
ഇതോടൊപ്പം ലോക്സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട കെ. മുരളീധരൻ- വട്ടിയൂർക്കാവ്, അടൂർ പ്രകാശ്- കോന്നി, എ.എം. ആരിഫ്- അരൂർ, ഹൈബി ഈഡൻ- എറണാകുളം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടക്കേണ്ടത്. മേയ് അവസാനത്തോടെയാണ് ലോക്സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ രാജിവച്ചത്. ഈ നാലു മണ്ഡലങ്ങളിലും നവംബർ അവസാനത്തോടെ മാത്രമേ ആറുമാസത്തെ സമയപരിധി അവസാനിക്കുകയുള്ളു.
നവംബറിൽ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ഈ അഞ്ച് സീറ്റുകളിലും കൂടി ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ പറയുന്നത്. ആറു നിയോജകമണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് ഒരുമിച്ചു നടക്കുമെന്ന പ്രതീക്ഷയിൽ പാർട്ടികളും മുന്നണികളും അണിയറയിൽ തയാറെടുപ്പുകൾ നടത്തിവരുന്നതിനിടെയാണ് പാലായിൽ ആദ്യം ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പു കമ്മീഷൻ ഞെട്ടിച്ചത്.
അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബറിൽ
01:19 AM Aug 26, 2019 | Deepika.com