കളമശേരി: കേരളത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചു പുറത്തിറങ്ങിയ കേരളഗാനം ആലപിച്ച് ശ്രദ്ധേയയായ എംബിബിഎസ് വിദ്യാർഥിനി എസ്. ഗോപിക പിന്നണി ഗായികയാകുന്നു. പ്രളയം പശ്ചാത്തലമാക്കി ജയരാജ് ഒരുക്കുന്ന നവരസ ചലച്ചിത്ര പരമ്പരയിലെ ‘രൗദ്രം - 2018 ’ എന്ന ചിത്രത്തിന്റെ ശീർഷകഗാനമാലപിച്ചാണു ഗോപിക സിനിമയിലേക്കു ചുവട് വയ്ക്കുന്നത്.
സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രഞ്ജി പണിക്കരാണു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ഗാനം റിലീസ് ചെയ്തത്. സച്ചിൻ ശങ്കർ മന്നത്ത് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എഴുത്തുകാരി ഡോ.എം. ലീലാവതി എഴുതിയ ജയിച്ചാലും കേരളാംബേ എന്നു തുടങ്ങുന്ന കേരളഗാനം തന്നെയാണു ഗോപികയ്ക്ക് അവസരമൊരുക്കിയത്.
തൃപ്പൂണിത്തുറ സ്വദേശിനിയായ എസ്. ഗോപിക കൊച്ചി നേവൽ ബേസിലെ കേന്ദ്രീയ വിദ്യാലത്തിൽ പഠിക്കുമ്പോൾ ഗോപിക കേന്ദ്രീയ വിദ്യാലയങ്ങളുടെ ദേശീയ കലോത്സവത്തിൽ ഗസൽ ആലാപന മത്സരത്തിൽ വിജയിയായിട്ടുണ്ട്.
കേരളത്തിന്റെ പിറന്നാൾ ഗാനം ആലപിച്ച ഗോപിക പിന്നണി ഗായികയാകുന്നു
01:05 AM Aug 26, 2019 | Deepika.com