കൊച്ചി: പ്രവാസിക്ഷേമകാര്യങ്ങളിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾ സംസ്ഥാനത്തിന്റെ കരുത്താണ്. അവർക്ക് സഹായകമാകുന്ന മാതൃകാപ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷൻ കൊമേഴ്സ്യൽ ബിൽഡിംഗിൽ നോർക്ക റൂട്സിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തെവിടെയുമുള്ള മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെടാനുള്ള വിപുലമായ സൗകര്യമാണ് നോർക്ക മിസ്ഡ് കോൾ പദ്ധതി. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ താത്പര്യമുള്ള നിരവധി പ്രവാസികളുണ്ട്. അവർക്ക് ആവശ്യമായ സഹായം ചെയ്യാനാണ് നോർക്ക ബിസിനസ് ഫെസിലിറ്റീസ് സെന്റർ പ്രവർത്തിക്കുന്നത്. നിസാര കേസുകളിൽപെട്ട് വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിനായി വിദേശമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പ്രവർത്തിച്ചുവരുന്നുണ്ട്. പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവർക്കുള്ള സാന്ത്വനം പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 25 കോടി രൂപ സംസ്ഥാനത്ത് വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
നെതർലൻഡ്സിലെ നിരവധി ഒഴിവുകളിൽ നഴ്സുമാരെ നിയമിക്കാൻ നെതർലാൻഡ്സ് സർക്കാരുമായി തുടർചർച്ചകൾ നടത്താൻ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ ചെറുകിട സംരംഭകരാക്കി നാടിന്റെ വികസനത്തിൽ പങ്കാളികളാക്കുന്നതിന് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് വായ്പാസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. പ്രവാസി മലയാളികളെ നാടിന്റെ വികസനത്തിൽ നേരിട്ട് പങ്കാളികളാക്കുന്ന ലോകകേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരിയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കെഎംആർഎലിന്റെ ഇടപ്പള്ളി സ്റ്റേഷനിൽ ആരംഭിക്കുന്ന ആദ്യ പ്രവാസി സംരംഭത്തിനുള്ള ‘ലെറ്റർ ഓഫ് അവാർഡ്’പ്രവാസി സംരംഭകനായ തയ്യിൽ ഹബീബീന് മുഖ്യമന്ത്രി സമ്മാനിച്ചു. നിർമാണ പ്രവർത്തനങ്ങൾ നിർവഹിച്ച കിറ്റ്കോയ്ക്കും ഉപഹാരം നൽകി. ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിച്ചു. മുൻ എംപി. പി. രാജീവ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, ജിസിഡിഎ ചെയർമാൻ വി. സലീം, കെഎംആർഎൽ പ്രോജക്ട് ഡയറക്ടർ തിരുമാൻ അർജുനൻ, നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ആഫീസർ കെ. ഹരികൃഷ്ണൻ നന്പൂതിരി, റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെന്ന് മുഖ്യമന്ത്രി
12:44 AM Aug 26, 2019 | Deepika.com