കോഴിക്കോട്: പ്രളയ ബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപ വിതരണം പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ 12 വരെ സമയം അനുവദിച്ചു. നേരത്തെ സെപ്റ്റംബര്‍ ഏഴിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് അക്കൗണ്ട് വഴി പണം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്.
പ്രളയബാധിതരുടെ എണ്ണം വളരെ കൂടുതലുള്ള മലബാറില്‍ ഉള്‍പ്പെടെ കണക്കെടുപ്പിനു കൂടുതല്‍ സമയം ആവശ്യമാണെന്നു വില്ലേജ് അധികൃതര്‍ അറിയിക്കുകയായിരുന്നു. സര്‍വേ നടത്തേണ്ടതെങ്ങനെയെന്നതുള്പ്പെടെയുള്ള നടപടി അവസാനഘട്ടത്തിലാണെന്നാണു വില്ലേജ് അധികൃതര്‍ പറയുന്നത്. 28 വരെ പരിശീലനവും സെപ്റ്റംബര്‍ ആറ് വരെ കണക്കെടുപ്പും നടത്താനാണു ശ്രമം. അതിനുശേഷം 12നകം തുക വിതരണം ചെയ്യും. ലിസ്റ്റ് കൈമാറിയാല്‍ പണവിതരണത്തിനു കാലതാമസം ഉണ്ടാകില്ല. ഓരോ വാര്‍ഡിലും വിവിധഡിപ്പാര്ട്ട്മെന്റിനു കീഴിലെ അഞ്ചംഗ സംഘമായിരിക്കും പരിശോധന നടത്തുക.
ഓണത്തിനു തൊട്ടുമുന്‍പായി തന്നെ ആദ്യഘട്ടവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതുപോലെ അനര്‍ഹര്‍ പണം വാങ്ങുന്നുവെന്ന ആക്ഷേപം ഒഴിവാക്കാന്‍ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചശേഷം മറ്റു പരാതികള്‍ കൂടി പരിഗണിച്ചു ലിസ്റ്റ് പുനഃക്രമീകരിക്കും.
പണം വിതരണം ചെയ്യുന്നതില്‍ ക്യാമ്പുകളില്‍ എത്തിയവരെന്നോ ബന്ധുവീടുകളിലേക്കു മാറിയവരെന്നോഎന്നുള്ള കാര്യത്തില്‍ വേര്തിരിവുണ്ടാകരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉടന്‍ പണം നല്‍കുമെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ കാലതാമസം ഉണ്ടാകും എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. നിലവില്‍ സര്‍ക്കാരിന്റെ കണക്കുപ്രകാരം 1,11,000 ത്തോളം കുടുംബങ്ങള്‍ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം 48 മണിക്കൂറെങ്കിലും വീട്ടില്‍ വെള്ളം കെട്ടിനിന്നു ബന്ധുവീടുകളിലേക്കോ മറ്റിടങ്ങളിലേക്കോ മാറിതാമസിച്ചവര്ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
ഇവരുടെ ഉള്‍പ്പെടെ ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും അക്കൗണ്ട് നമ്പറും ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അനര്‍ഹര്‍ പണം വാങ്ങിയെന്നു തെളിഞ്ഞാല്‍ ഇവരില്‍നിന്നു തുക തിരികെ പിടിക്കും. സര്‍ക്കാര്‍ നിര്‍ദേശം സമയബന്ധിതമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളാണു നിലവില്‍ നടക്കുന്നത്.
പ്രളയം: പതിനായിരം രൂപ വിതരണത്തിന് സെപ്റ്റംബര്‍ 12 വരെ സമയം നീട്ടി
12:27 AM Aug 26, 2019 | Deepika.com