കൊച്ചി: ഒരു വ്യക്തി തങ്ങൾക്കു വേണ്ടിയാണു ജീവിച്ചതെന്ന ജനത്തിന്റെ ബോധ്യവും സമൂഹത്തിനു വേണ്ടിയാണു ജീവിച്ചതെന്ന നാടിന്റെ ബോധ്യവുമാണ് ആ വ്യക്തിയുടെ നവതി ആഘോഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന സിപിഎം നേതാവായ എം.എം. ലോറൻസിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ത്യാഗം മാത്രം മുന്നിൽകണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയ പഴയ തലമുറയിൽനിന്നു പുതിയ തലമുറ രാഷ്ട്രീയ പ്രവർത്തനരീതി എന്തെന്ന് അറിയണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചുമുള്ള ചിന്തയിൽനിന്നാണ് എം.എം. ലോറൻസ് ജീവൻ പണയം വച്ചുള്ള പൊതുപ്രവർത്തനം നടത്തിയത്. പഴയ തലമുറയുടെ ത്യാഗപൂർണമായ പ്രവർത്തനത്തെക്കുറിച്ചു പുതിയ കാലത്തെ ഓർമിപ്പിക്കാൻ നവതി ആഘോഷം ഉപകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ എറണാകുളം ടൗണ്‍ ഹാളിൽ നടന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പിള്ളി, എ.കെ. ശശീന്ദ്രൻ, എംപിമാരായ ഹൈബി ഈഡൻ, ബിനോയ് വിശ്വം, മുൻ എംപിമാരായ പി. രാജീവ്, അഡ്വ. തന്പാൻ തോമസ്, മുൻ എംഎൽഎ ടി.പി. പീതാംബരൻ മാസ്റ്റർ, സി.കെ പത്മനാഭൻ, ട്രേഡ് യൂണിയൻ നേതാവ് രവീന്ദ്രനാഥ്, സി.എൻ മോഹനൻ, കെ.എ. അലി അക്ബർ, പി.എൻ സീനുലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
പഴയതലമുറയുടെ രാഷ്ട്രീയപ്രവർത്തനം പുതുതലമുറ അറിയണം: മുഖ്യമന്ത്രി
12:27 AM Aug 26, 2019 | Deepika.com