ആലപ്പുഴ: ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവയ്ക്കാനാകില്ലെന്നും ജനങ്ങൾക്ക് അസ്വീകാര്യമായ നിലപാടുമായി ഭരിക്കുന്ന ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായുള്ള പോരാട്ടം ദേശീയ തലത്തിൽ കോണ്ഗ്രസ് തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തെന്നു പറഞ്ഞു മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ല. മോദിയുടെ ഭരണം ഇന്ത്യയിലെ ജനങ്ങൾക്കു സ്വീകാര്യമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നതു പാർട്ടിക്കു ഗുണം ചെയ്യില്ലെന്നു പറഞ്ഞു മുതിർന്ന കോണ്ഗ്രസ് നേതാക്കളായ ജയറാം രമേശ്, മനു അഭിഷേക് സിംഗ്വി അടക്കമുള്ളവർ രംഗത്തു വന്നതിനു പിന്നാലെ അവരെ പിന്തുണച്ചു ശശി തരൂർ എംപി പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, മോദിയെ അനുകൂലിച്ചു പ്രസ്താവന നടത്തിയ നേതാക്കളുടെ പേര് പറയാതെയാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചത്. അടുത്ത 23ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റകെട്ടായി നേരിടും. യുഡിഎഫ് യോഗം ഇന്നു നടക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവയ്ക്കാനാകില്ല: ചെന്നിത്തല
12:27 AM Aug 26, 2019 | Deepika.com