കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ ഇന്നലെ പുലർച്ചെ വൻ തീപിടിത്തമുണ്ടായി. വീട്ടിലുണ്ടായിരുന്ന ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും വീട്ടുജോലിക്കാരിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഞ്ചുമന ക്ഷേത്രത്തിനു സമീപം മദർ തെരേസ റോഡിലുള്ള രണ്ടുനില വീടിനാണു തീപിടിച്ചത്. താഴത്തെ നിലയിലെ ഒരു കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ശ്രീശാന്ത് വീട്ടിലുണ്ടായിരുന്നില്ല.
കിടപ്പുമുറിയിലെ ഇൻവെർട്ടറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടാകുന്പോൾ ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും രണ്ടാം നിലയിലായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന വീട്ടുജോലിക്കാരി തീ കണ്ടു മുകളിലെത്തി വിവരം പറഞ്ഞെങ്കിലും വീട് മുഴുവൻ പുക നിറഞ്ഞതിനാൽ പുറത്തിറങ്ങാനായില്ല.
അഗ്നിരക്ഷാ സേനാംഗങ്ങൾ രണ്ടാം നിലയിലെ ചില്ലുവാതിലിനു സമീപത്തേക്കു ഗോവണി ചാരിവച്ച് അതുവഴി വീട്ടുകാരെ പുറത്തെത്തിക്കുകയായിരുന്നു. അടുക്കളവാതിൽ തകർത്ത് ഉള്ളിൽ കടന്നാണ് തീയണച്ചത്.
കിടപ്പുമുറിയിലെ കട്ടിൽ, ബെഡ്, ജനൽ, വാതിൽ, അലമാര ഉൾപ്പെടെ മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. മുറിയോടു ചേർന്ന ബാത്ത്റൂമും പൂർണമായി നശിച്ചു.
ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം; ഭാര്യയെയും കുട്ടികളെയും രക്ഷപ്പെടുത്തി
01:36 AM Aug 25, 2019 | Deepika.com