കൊച്ചി: രാഷ്ട്രദീപിക ലിമിറ്റഡ് സംഘടിപ്പിക്കുന്ന 2019 ലെ ദീപിക വിമൻ എംപവര്‍മെന്റ് പുരസ്കാര സമര്‍പ്പണം സെപ്റ്റംബര്‍ മൂന്നിനു കൊച്ചി ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ നടക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെ എട്ടു വനിതകള്‍ക്കു വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിനു പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
എക്സലന്‍സ് ഇന്‍ ക്രൈസിസ് മാനേജ്മെന്റ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷന് പുരസ്കാരമാണു മന്ത്രി കെ.കെ. ശൈലജയ്ക്കു സമര്‍പ്പിക്കുക. ശീമാട്ടി മാനേജിംഗ് ഡയറക്ടര്‍ ബീന കണ്ണന് ദീപിക വുമണ്‍ ഐക്കണ്‍ അവാര്‍ഡ് ഏറ്റുവാങ്ങും. എക്സലന്‍സ് ഇന്‍ സോഷ്യല്‍ കമ്മിറ്റ്മെന്റ് അവാര്‍ഡ് കെഎല്‍എം മൈക്രോ ഫിനാന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ബിജി ഷിബുവും മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് നടി നമിത പ്രമോദും ഏറ്റുവാങ്ങും.
അങ്കമാലിയിലെ മഹിള അപ്പാരല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഗ്രേസി തോമസിനാണ് എക്സലന്‍സ് ഇന്‍ ഇന്നോവേറ്റീവ് മാനുഫാക്ചറര്‍ അവാര്‍ഡ്. ലീഡര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് ആലുവ നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി ഏബ്രഹാമിനു നല്‍കും. ഔട്സ്റ്റാന്‍ഡിംഗ് വുമണ്‍ ഓൺട്രപ്രണര് അവാര്‍ഡ് അമേരിക്കന്‍ ഇലക്ട്രോളിസിസ് മാനേജിംഗ് പാര്‍ട്ണര്‍ സില്‍ജി പൗലോസിനും ഇന്നോവേറ്റീവ് ബിസിനസ് വുമണ്‍ അവാര്‍ഡ് അഡോണ ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടര്‍ മോളി ബാബുവിനും നല്‍കും.
സെപ്റ്റംബര്‍ മൂന്നിനു വൈകുന്നേരം 6.30ന് നടക്കുന്ന പുരസ്കാര സമര്‍പ്പണ സമ്മേളനം ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയാകും.
കൊച്ചി മേയര്‍ സൗമിനി ജെയിന് മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിക്കും. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ആമുഖപ്രഭാഷണം നടത്തും.
ടീംവണ് അഡ്വര്‍ടൈസിംഗ് മാനേജിംഗ് ഡയറക്ടര്‍ വിനോദിനി ഐസക്, ദീപിക കൊച്ചി റസിഡന്റ് മാനേജര്‍ ഫാ. ഷാന്‍ലി ചിറപ്പണത്ത്, രാഷ്ട്രദീപിക മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ കെ.സി. തോമസ്, കൊച്ചി ദീപിക മാര്‍ക്കറ്റിംഗ് സീനിയര്‍ മാനേജര്‍ റെബി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. വ്യവസായ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
ബിൽറ്റ്ടെക് പ്രോപ്പർട്ടി ഡവലപ്പേഴ്സാണു പുരസ്കാര സമർപ്പണ ചടങ്ങുകളുടെ മുഖ്യസ്പോൺസർ. മെഡിമിക്സ്, ചാവറ മാട്രിമണി, വിസ്തോസ് ഗ്ലോബൽ എന്നിവർ കോ സ്പോൺസർമാരാണ്.
മികവിന്റെ അംഗീകാരം എട്ടു വനിതകള്‍ക്ക്
12:03 AM Aug 25, 2019 | Deepika.com