കോഴിക്കോട്: പ്രളയബാധിതര്‍ക്ക് അടിയന്തര ധനസഹായ വിതരണം ഓണത്തിനു മുമ്പ് കൊടുത്തുതീര്‍ക്കണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് ബാലികേറാമലയാകും. ധൃതിപിടിച്ച് അടിയന്തര ധനസഹായമായ പതിനായിരം രൂപ നല്കുമ്പോള് അനര്‍ഹര്‍ കടന്നുകൂടാനിടയുണ്ടെന്നാണ് വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നത്.
നിലവിലെ സാഹചര്യത്തില്‍ മിക്കയിടത്തും ദുരിതബാധിതരെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ദുരിതബാധിതരുടെ എണ്ണം കൂടുതലായതിനാലും ഇത്തവണ പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസറുടേയും നേതൃത്വത്തില്‍ പട്ടിക തയ്യാറാക്കി പുനഃപരിശോധന നടത്തേണ്ടതിനാലും ആവശ്യമായ സമയം വേണമെന്നാണ് ഇവര്‍ പറയുന്നത്.
നിലവില്‍ ദുരിതബാധിതരുടെ എണ്ണം കണക്കാക്കി വരുന്നതേയുള്ളൂ. മിക്കവാര്‍ഡുകളിലും പഞ്ചായത്ത് അംഗങ്ങളുടെയും കോര്‍പറേഷനില്‍ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തിലാണ് കണക്കുകള്‍ തയാറാക്കുന്നത്. ദുരിതബാധിതരുടെ റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് , അക്കൗണ്ട് നമ്പര്‍ എന്നിവ ശേഖരിച്ചുവരുന്നതേയുള്ളൂ. ലിസ്റ്റുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ചശേഷം പരാതികള്‍ ഉണ്ടെങ്കില്‍ അതും കൂടി പരിഗണിച്ചേശഷമായിരിക്കും കഴിഞ്ഞ വര്‍ഷത്തേതുപോലെ രണ്ടുഘട്ടമായി തുക വിതരണം ചെയ്യുക.
3,200, 6,800 എന്നിങ്ങനെയായിരിക്കും പതിനായിരം രൂപ വിതരണം എന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സന്നദ്ധസംഘടനകളിലെ വോളണ്ടിയർമാരേയോ ബിരുദ വിദ്യാര്‍ഥികളേയോ നിയോഗിക്കാനാണ് തീരുമാനം. പഞ്ചായത്തംഗങ്ങൾക്കൊപ്പമായിരിക്കും ഇവര്‍ വീടുകള്‍ സന്ദര്‍ശിക്കുക. എന്നാലും കൃത്യമായ കണക്കെടുക്കാന്‍ ഒരു മാസമെങ്കിലും വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ത്തന്നെ ഓണത്തിന് മുമ്പ് ധനസഹായം പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിയുമെന്നുറപ്പില്ല. അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തി അതത് താലൂക്ക് ഓഫീസുകളിലേക്ക് അയയ്ക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ ജീവനക്കാര്‍ക്കാണ്. പിന്നീട് താലൂക്ക് ഓഫീസില്‍നിന്നാണ് പണം ട്രഷറികളിലേക്കു വിതരണത്തിനായി നൽകുക. ഓണത്തിരക്കിനിടയില്‍ ഇതെല്ലാം കൃത്യമായി നടക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
നിലവില്‍ ഓണത്തിനുമുമ്പ് മൂന്നുമാസത്തെ ക്ഷേമപെന്‍ഷനുകള്‍ നല്‍കാനും സര്‍ക്കാര്‍തലത്തില്‍ തീരുമാനമായിട്ടുണ്ട്. അതായത് ഓണക്കാലത്ത് തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. തുടര്‍ച്ചയായുള്ള അവധി ദിവസങ്ങളും വെല്ലുവിളിയാണ്.
പ്രളയബാധിതര്‍ക്കു പതിനായിരം രൂപ: കണക്കെടുപ്പ് തുടങ്ങിയില്ല
01:15 AM Aug 22, 2019 | Deepika.com