കാഞ്ഞിരപ്പള്ളി: ഇന്നു നടക്കേണ്ട എംജി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നു കോളജ് അധികൃതർ യൂണിവേഴ്സിറ്റിയെ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് യൂണിവേഴ്സിറ്റിക്കു നൽകിയെന്നും കോളജ് കൗണ്സിൽ അറിയിച്ചു.
തെരഞ്ഞെടുപ്പിനായി പത്രിക നൽകേണ്ട സമാപന ദിവസം പത്രിക നൽകാനെത്തിയവരെ ഒരു വിഭാഗം വിദ്യാർഥികൾ ഭീഷണിപ്പെടുത്തുകയും പത്രിക വലിച്ചുകീറുകയും ചെയ്തതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലെന്നു കാണിച്ചു യൂണിവേഴ്സിറ്റിക്കു കോളജ് അധികൃതർ പരാതി നൽകിയിരുന്നു. വിദ്യാർഥികളെ മർദിച്ചതിന്റെ പേരിൽ പോലീസിലും പരാതി നൽകിയിട്ടുണ്ട്.
നോമിനേഷൻ നൽകാനെത്തിയ ചില വിദ്യാർഥികളെ ഒരു വിഭാഗം വിദ്യാർഥി യൂണിയൻ നേതാക്കളും പൂർവ വിദ്യാർഥികളും ചേർന്നു ഭീഷണിപ്പെടുത്തിയിരുന്നു. വരണാധികാരിയുടെ മുന്പിൽ വച്ചായിരുന്നു നോമിനേഷൻ പത്രിക കീറിക്കളഞ്ഞത്. നോമിനേഷൻ നൽകാൻ കഴിയാത്തവർ വരണാധികാരിക്കും പ്രിൻസിപ്പലിനും പരാതി നൽകുകയും ഈ പരാതി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കു കോളജ് അധികൃതർ കൈമാറുകയും തുടർനടപടികൾക്കായി കാത്തുനിൽക്കുകയും ചെയ്തു. എന്നാൽ, പലതവണ ആവശ്യപ്പെട്ട പ്രകാരമാണ് അവധി ദിവസമായ കഴിഞ്ഞ ശനിയാഴ്ച യൂണിവേഴ്സിറ്റിയിൽനിന്ന് അന്വേഷണക്കമ്മീഷനെത്തിയത്. സ്പെഷൽ ക്ലാസുകൾ മാത്രമായിരുന്നു അന്നു നടന്നത്. ഇതിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ചയും ഇന്നലെയും യൂണിവേഴ്സിറ്റി അധികൃതരുമായി കോളജ് അധികൃതർ ബന്ധപ്പെട്ടെങ്കിലും ഉച്ചവരെയും യാതൊരു മറുപടിയും ലഭിച്ചില്ല.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം തെരഞ്ഞെടുപ്പു നടത്താൻ നിർദേശിച്ചുള്ള മെസേജ് കോളജ് അധികൃതർക്കു ലഭിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് നടത്തുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന വിവരം കോളജ് അധികൃതർ യൂണിവേഴ്സിറ്റിയെ അറിയിച്ചു.
3.30ന് കോളജ് വിടുകയും ചെയ്തു. വീണ്ടും നാലോടെ തെരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ടുള്ള ഇമെയിൽ കോളജ് അധികൃതർക്ക് ലഭിച്ചെങ്കിലും ഇതിനകം വിദ്യാർഥികളെ തെരഞ്ഞെടുപ്പില്ലെന്നറിയിച്ചു വിട്ടിരുന്നു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്നാണ് കോളജ് അധികൃതർ ചോദിക്കുന്നത്.
പകുതിയിലേറെ സീറ്റുകളിലേക്കും പത്രിക ലഭിച്ചിട്ടില്ല. മുൻ വർഷങ്ങളിലും ഒരു വിഭാഗം വിദ്യാർഥികൾ നോമിനേഷൻ നൽകുന്നവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയല്ല ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നു കോളജ് അധികൃതർ പറഞ്ഞു. ഇതിനു സാഹചര്യമൊരുക്കേണ്ട യൂണിവേഴ്സിറ്റിയും അലംഭാവം കാട്ടിയെന്നു കോളജ് അധികൃതർ കുറ്റപ്പെടുത്തി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സിൽ തെരഞ്ഞെടുപ്പ് നടത്താനാവാത്ത സ്ഥിതിയെന്ന് അധികൃതർ
11:27 PM Aug 20, 2019 | Deepika.com