കൊച്ചി: റാന്നി സെന്റ് തോമസ് കോളജ് പ്രിൻസിപ്പലിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്ത കോളജ് മാനേജരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ബാലിശമായ കാരണങ്ങളാലുള്ള സസ്പെൻഷൻ നീതീകരിക്കാനാവില്ലെന്നും പ്രിൻസിപ്പലിനു പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.
മാനേജർ തുടർച്ചയായി മെമ്മോകളും ഷോകോസ് നോട്ടീസും നൽകി ഉപദ്രവിക്കുകയാണെന്നാരോപിച്ചു പ്രിൻസിപ്പൽ ഡോ. ലത മറീന വർഗീസ് നേരത്തേ ഹൈക്കോടതിൽ ഹർജി നൽകിയിരുന്നു. ഇതു പരിഗണനയിലിരിക്കേയാണ് 2018 ജൂണ്‍ 25നു മാനേജർ ഡോ. ഏബ്രഹാം വി. കുര്യാക്കോസ് ഡോ. ലത മറീന വർഗീസിനെ സസ്പെൻഡ് ചെയ്തത്. ഹർജിക്കാരി നൽകിയ ഉപഹർജിയിൽ സസ്പെൻഷൻ സിംഗിൾബെഞ്ച് സ്റ്റേ ചെയ്തു. ഹർജിയിൽ വിശദമായി വാദം കേട്ടാണ് പ്രിൻസിപ്പലിന്റെ സസ്പെൻഷൻ റദ്ദാക്കിയത്.
കോളജ് പ്രിൻസിപ്പലിന്റെ സസ്പെൻഷൻ റദ്ദാക്കി
01:28 AM Aug 20, 2019 | Deepika.com