ഏറ്റുമാനൂർ: പ്രളയവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ തടയുന്നതിനാവശ്യമായ സുപ്രധാന വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനെക്കുറിച്ച് സർവകലാശാലകളും വിദഗ്ധരും ഗൗരവമായി ആലോചിക്കണമെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം. പരിസ്ഥിതിദുർബല പ്രദേശങ്ങൾ കണ്ടെത്തി അവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാലുള്ള അപകടങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്താൻ സർവകലാശാലകൾ ശ്രമിക്കണമെന്നും ഗവർണർ പറഞ്ഞു.
എംജി യൂണിവേഴ്സിറ്റി കണ്‍വർജൻസ് അക്കാദമിയ കോംപ്ലക്സിന്റെയും കോട്ടയം സന്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ 30-ാം വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനം യൂണിവേഴ്സിറ്റി അസംബ്ലി ഹാളിൽ നിർവഹിക്കുകയായിരുന്നു ഗവർണർ പി.സദാശിവം. ഓരോ മേഖലകളിലെയും കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും അല്ലാത്തതുമായ വിളകളെക്കുറിച്ച് കർഷകർക്ക് വിവരങ്ങൾ നൽകാനും അവരെ ബോധ്യപ്പെടുത്താനും കാന്പസു തലത്തിൽ കാന്പയിൻ ആരംഭിക്കണം. അനഭിലഷണീയമായ പ്രവൃത്തികൾക്കുവേണ്ടി രാഷ്ട്രീയ-മറ്റിതര സംഘടനകൾ വിദ്യാർഥികളുടെ യുവ ഉൗർജസ്വലതയെ ചൂഷണം ചെയ്യുന്നുണ്ട്. വിദ്യാർഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ രാഷ്ട്രീയത്തെ ഗൗരവമായി കാണുകയും തിരുത്തുകയും ചെയ്യണം. പരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നതിനുള്ള മറയായി വിദ്യാർഥി രാഷ്ട്രീയത്തെ ഉപയോഗിക്കുന്നത് നീതിയുക്തമല്ല. ഇത് കാണിക്കുന്നത് നമ്മുടെ സ്ഥാപനങ്ങൾ നടത്തുന്നവരുടെ കാര്യശേഷിയില്ലായ്മയാണ്. കാന്പസ് രാഷ്ട്രീയത്തെ അനുകൂലിക്കുന്നവർ ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന നിലയിലേക്ക് നമ്മുടെ യുവതയെ നവീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും ഗവർണർ പറഞ്ഞു. അടുത്ത അധ്യയന വർഷം ജൂണ്‍ ഒന്നിനുതന്നെ ഒന്നാം ക്ലാസുമുതൽ എൽഎൽബി, പോളിടെക്നിക്, ബിരുദാനന്തര ബിരുദതലം വരെയുള്ള ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.
യൂറോപ്യൻ അക്കാദമി ഓഫ് സയൻസസിലും ഇന്റർനാഷണൽ അക്കാദമി ഓഫ് ഫിസിക്കൽ സയൻസസിലും പ്രഗത്ഭഅംഗത്വം ലഭിച്ച വൈസ്ചാൻസലർ പ്രഫ. സാബു തോമസ്, 1989 ൽ നൂറു ദിവസം കൊണ്ട് നൂറുശതമാനം സാക്ഷരത നേടിയ രാജ്യത്തെ ആദ്യനഗരമാക്കി കോട്ടയത്തെ മാറ്റിയ ജനബോധന സാക്ഷരത യജ്ഞത്തിന് നേതൃത്വം നൽകിയ സർവകലാശാല നാഷണൽ സർവീസ് സ്കീമിന്റെ മുൻ കോ-ഓർഡിനേറ്റർ ഡോ. സി. തോമസ് ഏബ്രഹാം എന്നിവരെ ഗവർണർ ആദരിച്ചു.
തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കെ. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, സിൻഡിക്കേറ്റംഗം പി.കെ. ഹരികുമാർ, പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സർവകലാശാലകൾ സഹായിക്കണം: ഗവർണർ ജസ്റ്റീസ് പി. സദാശിവം
12:01 AM Aug 20, 2019 | Deepika.com