കൊച്ചി: തിരുവോണ ദിനത്തിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കു സദ്യയുണ്ണാൻ സമയക്രമീകരണവുമായി കെഎസ്്ആർടിസി. ആകെയുള്ള ഷെഡ്യൂളുകളെ തുല്യമായി വീതിച്ചു മൂന്നു സമയങ്ങളിലായാണ് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്.
തിരുവോണ ദിനത്തിൽ രാവിലെ 11.30 മുതൽ 12.30 വരെ, 12.30 മുതൽ 1.30 വരെ, 1.30 മുതൽ 2.30 വരെ സമയങ്ങളിലായിരിക്കും ജീവനക്കാർക്കു സദ്യയുണ്ണാൻ അവസരമുണ്ടാകുക. യൂണിറ്റ് ഓഫീസുകൾ മുഖേന ഇതിനുള്ള ക്രമീരണങ്ങൾ നടത്തും.
ഓണത്തോടനുബന്ധിച്ചു വരുമാന വർധന ലക്ഷ്യമിട്ടു ദീർഘദൂര സർവീസുകൾ ഉൾപ്പെടെ മുടങ്ങാതിരിക്കാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
യാത്രക്കാരുടെ തിരക്കുകണക്കിലെടുത്തു കൂടുതൽ ബസുകൾ ക്രമീകരിക്കേണ്ട റൂട്ടുകളിൽ അതിനുള്ള സൗകര്യങ്ങളൊരുക്കും.
തിരുവോണം കഴിയുന്നതു വരെ എല്ലാ ജീവനക്കാരും ഒരു ഡ്യൂട്ടിയെങ്കിലും നിർബന്ധമായും ചെയ്തിരിക്കണം. ഓപ്പറേറ്റിംഗ് വിഭാഗം ജീനക്കാരുടെ അവധികൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും.
അനധികൃതമായി ജോലിക്കു ഹാജരാകാത്ത ജീവനക്കാരുടെ പേരുവിവരങ്ങൾ അതാതു ദിവസം മേഖലാ ഓഫീസിലേക്കു കൈമാറണം. അഡീഷണൽ ദീർഘദൂര സർവീസുകൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ യഥാസമയം അവ ഓണ്‍ലൈനിൽ ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജെറി എം. തോമസ്
ജീവനക്കാർക്ക് ഓണസദ്യക്കു സൗകര്യമൊരുക്കി കെഎസ്ആർടിസി
12:06 AM Aug 18, 2019 | Deepika.com