ചങ്ങനാശേരി: മലവെള്ളപ്പാച്ചിലിലും ദുരിതത്തിലും ദുഃഖം അനുഭവിക്കുന്ന വടക്കൻ മേഖലകളിലെ ദുരിതബാധിതർക്കു ചങ്ങനാശേരി റേഡിയോ മീഡിയാ വില്ലേജിന്റെയും ചാരിറ്റി വേൾഡിന്റെയും നേത്യത്വത്തിൽ എത്തിച്ച സഹായം ആശ്വാസമായി. ചങ്ങനാശേരിയിൽനിന്നു സമാഹരിച്ച 20 ടണ്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമാണ് പ്രത്യേക വാഹനത്തിൽ ദുരിതബാധിതർക്ക് വിതരണം ചെയ്യാനായി എത്തിച്ചത്. ചാരിറ്റി വേൾഡ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗസംഘം ദുരിതാശ്വാസ സഹായം കണ്ണൂർ കെയ്റോസ് സോഷ്യൽ സർവീസ് സൊസൈറ്റി, വയനാട് സർവീസ് സോഷ്യൽ സർവീസ് സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി.
ചങ്ങനാശേരി കുരിശുംമൂട് മീഡിയാവില്ലേജിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ദുരിതാശ്വാസവുമായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ നമ്മെ സഹായിച്ച വടക്കൻ മേഖലയിലുളളവർ ദുരിതത്തിലാണെന്നും അവരെ സഹായിക്കുക കടമയാണെന്നും മാർ പെരുന്തോട്ടം പറഞ്ഞു. സഹായം അവശ്യസാധനങ്ങളിൽ മാത്രം ഒതുക്കരുതെന്നും വീടുകൾ നഷ്ടമായവർക്ക് അവ നിർമിച്ചു നൽകേണ്ടതു ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു.
മീഡിയാ വില്ലേജ്, ചാരിറ്റി വേൾഡ്, ജിമ്മി പടനിലം സെന്റർ, സെന്റ് ജോസഫ് കോളജ് ഓഫ്
കമ്യൂണിക്കേഷൻ, എംസിബിഎസ്, സിഎംസി, എസ്എബിഎസ്, എഫ്സിസി, എസ്എച്ച് കോണ്ഗ്രിഗേഷൻ, എംഎൽഎഫ് കോണ്‍ഗ്രിഗേഷനുകൾ, തെങ്ങണ ഗുഡ്ഷെപ്പേർഡ് സ്കൂൾ, ളായിക്കാട് മേരി റാണി സ്കൂൾ, വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ, അമല കണ്‍സ്ട്രക്ഷൻ, ചങ്ങനാശേരിയിലെ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ സമാഹരിച്ച 20 ടണ്‍ വസ്തുക്കളുമായാണ് ചങ്ങനാശേരിയിൽ നിന്നുള്ള ലോറി വയനാട്ടിലെത്തിയത്.
ഫാ. ആന്റണി എത്തക്കാട്ട്, ഫാ.സെബാസ്റ്റ്യൻ പുന്നശേരി, ഫാ.ജോഫി പുതുപറന്പ്, ഡോ.റൂബിൾ രാജ്, സണ്ണിച്ചൻ ഇടിമണ്ണിക്കൽ, മനോജ് പാലാത്ര, ബിജു കയ്യാലപ്പറന്പ്, ജോബോയ്, അൻസാർ, ജോണ്സൻ പെരുന്പായിൽ എന്നിവർ പ്രസംഗിച്ചു.
മലബാറിന് ആശ്വാസമായി ചങ്ങനാശേരിയുടെ കൈത്താങ്ങ്
11:49 PM Aug 16, 2019 | Deepika.com