തിരുവനന്തപുരം: പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാകാൻ എമർജൻസി റെസ്പോണ്‍സ് സപ്പോർട്ട് സിസ്റ്റത്തിന്റെ സേവനം ഇന്നു മുതൽ. 112 എന്ന ടോൾഫ്രീ നന്പറിലേക്കു വിളിച്ചാൽ എത്രയും പെട്ടെന്നു പോലീസ് സഹായം ലഭ്യമാകും.
രാജ്യവ്യാപകമായി ഒറ്റ നന്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്. ഇനി എല്ലാ ആവശ്യങ്ങൾക്കും 112 എന്ന നന്പർ ഡയൽ ചെയ്താൽ മതിയാകും. ഫയർ ഫോഴ്സ് (101), ആരോഗ്യസംബന്ധമായ (108), സ്ത്രീകൾക്കും കുട്ടികൾക്കും(181) എന്നീ അഭ്യർഥനകളും വൈകാതെ പുതിയ സംവിധാനത്തിലാകും.
സഹായം തേടി വിളിക്കുന്നത് എവിടെനിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാൻഡ് സെന്ററിനു മനസിലാക്കാം. കണ്ട്രോൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉടൻ പോലീസ് സഹായം ലഭ്യമാക്കും. എവിടെനിന്നും ലാൻഡ് ലൈൻ, മൊബൈൽ ഫോണ്‍ എന്നിവയിലൂടെ കമാൻഡ് സെന്ററുമായി സൗജന്യമായി ബന്ധപ്പെടാം.
112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക് ബട്ടൻ അമർത്തിയാൽ പോലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിൽ സന്ദേശം ലഭിക്കും.
അവിടെനിന്നു തിരിച്ചുവിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. സി-ഡാക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി.
അടിയന്തര ഘട്ടങ്ങൾക്ക് ഇനി 112 ഡയൽ ചെയ്യാം
12:43 AM Aug 15, 2019 | Deepika.com