ഒറ്റപ്പാലം: നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷ പ്രതിയായ മോഷണക്കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനു കോടതിയുടെ തിരിച്ചടി. കേസ് ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്ന് ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വിധിച്ചു. നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷയായ ബി. സുജാത പ്രതിയായ മോഷണക്കേസ് അവസാനിപ്പിക്കുന്നതിനുവേണ്ടി, പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലതയാണ് ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചത്.
ഇതു സംബന്ധിച്ചു വിശദമായി വാദം കേട്ട ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് ടോണി ടി. തടത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ നിയമതടസം ഉള്ളതായി വ്യക്തമാക്കി. സംഭവം സാധാരണ മോഷണം അല്ലെന്നും ഏറെ ഗൗരവപൂർണമായ സാഹചര്യത്തിലും സ്ഥലത്തും വച്ചാണു കൃത്യം നടന്നിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ കോമ്പൗണ്ടിംഗ് പെറ്റീഷൻ തീർപ്പാക്കാൻ ഈ കോടതിക്കു കഴിയില്ലെന്നും മജിസ്ട്രേറ്റ് വിധിച്ചു.
അതേസമയം, 379-ാം വകുപ്പുപ്രകാരമാണു പോലീസ് കേസെടുത്തതെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ പോലീസ് 380-ാം വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഒറ്റപ്പാലം മോഷണക്കേസ് ഒത്തുതീർപ്പ് ശ്രമത്തിന് കോടതിയുടെ തിരിച്ചടി
12:34 AM Jul 24, 2019 | Deepika.com