തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കെതിരേയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ എസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകണം. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ പോലീസ് സ്റ്റേഷനുകൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും നിർദേശമുണ്ട്.
ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരെ ജനമൈത്രി ബീറ്റ് ഓഫീസർമാർ രണ്ടാഴ്ചയിൽ ഒരിക്കൽ സന്ദർശിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു. നേരിട്ടു സന്ദർശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫോണിൽ ബന്ധപ്പെട്ട് സുഖവിവരങ്ങൾ അന്വേഷിക്കണം. അതുസംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ രേഖകൾ സൂക്ഷിക്കണം.
എല്ലാ പോലീസ് സ്റ്റേഷനുകളും വയോജന സൗഹൃദ സ്റ്റേഷനുകളായിരിക്കും. പോലീസ് സ്റ്റേഷനിൽ മുതിർന്ന പൗരന്മാർക്ക് മുൻഗണന ലഭിക്കും. ഒറ്റയ്ക്കു താമസിക്കുന്നവർക്ക് സഹായം ലഭിക്കുന്നതിന് അടുത്ത വീട്ടിൽ ബെൽ സ്ഥാപിക്കുന്ന ‘ബെൽ ഓഫ് ഫെയ്ത്ത്’ എന്ന സംവിധാനം തൃശൂർ സിറ്റിയിലും ടെലിഫോണ്‍ റിസീവർ നിശ്ചിത സമയം ഉയർത്തിപ്പിടിച്ചാൽ അടുത്ത പോലീസ് സ്റ്റേഷനിൽ കാൾ ലഭിക്കുന്ന ഹോട്ട് ലൈൻ ടെലിഫോണ്‍ സിസ്റ്റം കോട്ടയം ജില്ലയിലും നടപ്പാക്കിയിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
മുതിർന്ന പൗരന്മാർക്കെതിരേയുള്ള അതിക്രമം എസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം
11:58 PM Jul 23, 2019 | Deepika.com