നെടുങ്കണ്ടം: മകനുമായുള്ള കലഹത്തിനിടെ മർദനമേറ്റ അച്ഛൻ ചികിത്സയിലിരിക്കെ മരിച്ചു. ഉടുന്പൻചോല കൂക്കലാർ ചൂരക്കാട്ടിൽ ബിജു(44) ആണ് മരിച്ചത്. ബിജുവിനെ മർദിച്ച കേസിൽ മകൻ ബിബിൻ (അപ്പു- 24) പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്.
കഴിഞ്ഞ 17ന് ഉച്ചകഴിഞ്ഞ് 2.30ഓടെ വീട്ടിൽ മദ്യപിച്ചെത്തിയ മകനും പിതാവും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. തുടർന്ന് ബിജുവിന്റെ തലയ്ക്കും കാലിനും വിറകുകന്പിന് അടിയേറ്റെന്നാണ് കേസ്. കാൽ രണ്ടായി ഒടിഞ്ഞ ബിജുവിനെ നെടുങ്കണ്ടത്തും തുടർന്നു മധുര രാജാജി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു.
ഉടുന്പൻചോല സിഐ അനിൽ ജോർജ്, എസ്ഐ എൻ.ടി. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മധുരയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വേണ്ടിവന്നാൽ ബിബിനെതിരേ കൊലക്കുറ്റം ചുമത്തുമെന്നും ഉടുന്പൻചോല സിഐ അറിയിച്ചു. സംസ്കാരം പിന്നീട്.
മർദനമേറ്റ പിതാവ് മരിച്ചു; മകൻ റിമാൻഡിൽ
11:58 PM Jul 23, 2019 | Deepika.com