കുഴിക്കാട്ടുശേരി(മാള): ദിവ്യകാരുണ്യ ഉപാസകനും കുടുംബകേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മധ്യസ്ഥനുമായ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണ ശുശ്രൂഷകൾ ഇന്നു കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർഥകേന്ദ്രത്തിൽ നടക്കും.
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ആത്മീയ നിയന്താവും ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകനുമായ ജോസഫ് വിതയത്തിലച്ചന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കുഴിക്കാട്ടുശേരിയിലെ തീർഥകേന്ദ്രത്തിൽ വിതയത്തിലച്ചന്റെ 55-ാം ചരമവാർഷികവും 154-ാം ജന്മദിനവുമാണ് ഇന്നു പ്രത്യേകമായി അനുസ്മരിക്കുന്നത്.
രാവിലെ 11ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകുന്ന ആഘോഷമായ സമൂഹബലി അർപ്പിക്കും. തുടർന്നു പ്രത്യേക പ്രാർഥനാശുശ്രൂഷകൾ നടക്കും.
ഹോളിഫാമിലി സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഉദയ, പുത്തൻചിറ ഈസ്റ്റ് വികാരി ഫാ. ജോസഫ് ഗോപുരം, തീർഥകേന്ദ്രം പ്രമോട്ടർ ഫാ. ജോസ് കാവുങ്ങൽ, ജനറൽ കണ്‍വീനർ സിസ്റ്റർ പുഷ്പ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആഘോഷകമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
മറിയം ത്രേസ്യ തീർഥകേന്ദ്രത്തിൽ വിതയത്തിലച്ചൻ അനുസ്മരണം ഇന്ന്
12:14 AM Jul 23, 2019 | Deepika.com