ഭരണങ്ങാനം: വിശുദ്ധിയിലേക്കുള്ള മലയാള വഴിയാണ് വിശുദ്ധ അൽഫോൻസാമ്മയെന്നു കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയിൽ.
ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്. വിശുദ്ധിയിലൂടെ നടന്നുനീങ്ങാൻ പൊതുവായി ചില ചൂണ്ടു പലകകൾ അൽഫോൻസാമ്മ കാണിച്ചു തരുന്നു. സ്വർഗീയാരാമത്തിൽ പുണ്യവാൻമാർ ധാരാളമുണ്ട്. ഓരോരുത്തർക്കും വിശുദ്ധിയിലേക്കുള്ള വഴി ഭിന്നമാണ്. നമ്മൾ അൽഫോൻസാമ്മയുടെ ഫോട്ടോകോപ്പി ആകേണ്ട, മറിച്ച് അൽഫോൻസാമ്മ കാണിച്ചുതന്ന വഴിയിലൂടെ നടന്നാൽ സ്വർഗത്തിലെത്തും- അദ്ദേഹം പറഞ്ഞു.
ഫാ. ജോസ് മഠത്തിക്കുന്നേൽ, ഫാ.മാത്യു മുളങ്ങാശേരിൽ, ഫാ. ജോസ് അഞ്ചേരിൽ, ആന്റണി വെച്ചൂർ, റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ ജപമാല, മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുചേർന്നു. ഇന്നു രാവിലെ 11ന് സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളം വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 5.15നും 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. വൈകുന്നേരം 6.30ന് ജപമാല മെഴുകുതിരി പ്രദക്ഷിണം.
വിശുദ്ധിയിലേക്കുള്ള മലയാള വഴി
01:55 AM Jul 21, 2019 | Deepika.com