കോട്ടയം: കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ ജനങ്ങൾക്കു കൈത്താങ്ങായ പാറത്തോട് മലനാട് ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. തോമസ് മറ്റമുണ്ടയിലിനു സംസ്ഥാന സർക്കാരിന്റെ ആദരം. കോട്ടയത്ത് ഇന്നലെ നടന്ന സമ്മേളനത്തിൽ സർക്കാരിന്റെ പുരസ്കാരം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഫാ. തോമസ് മറ്റമുണ്ടയിലിനു നൽകി.
മഹാപ്രളയത്തെത്തുടർന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ എംഡിഎസിന്റെ നേതൃത്വത്തിൽ ഭക്ഷ്യഉത്പന്നങ്ങൾ എത്തിച്ചിരുന്നു. ഒറ്റപ്പെട്ട കോട്ടയം ജില്ലയിലെ എയ്ഞ്ചൽവാലിയിലായിരുന്നു ആദ്യ സഹായമെത്തിച്ചത്. അമൽജ്യോതി കോളജിന്റെ ഗ്രൗണ്ടിൽനിന്നു പറന്നുയർന്ന ഹെലികോപ്റ്ററിലാണ് മലനാടിന്റെ ഭക്ഷ്യസാധനങ്ങൾ എയ്ഞ്ചൽവാലിയിലെത്തിച്ചത്. തുടർന്ന് പ്രളയം ശക്തി പ്രാപിക്കുകയും ക്യാന്പുകളുടെ എണ്ണം വർധിക്കുകയും ചെയ്തു.
മലനാടിന്റെ ഉത്പന്നങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന ഏജൻസികൾ മുഖേന ദുരിതബാധിതർ കഴിയുന്ന ക്യാന്പുകളിലേക്കും ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു.
ക്യാന്പുകളിലുള്ളവർക്കു ഭക്ഷണം നൽകാനുള്ള സംവിധാനം ചർച്ച ചെയ്യുന്നതിനിടെ മലനാട് കൃത്യമായി ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട അന്നത്തെ കോട്ടയം കളക്ടറും കാഞ്ഞിരപ്പള്ളി തഹസിൽദാറും അച്ചനുമായി ബന്ധപ്പെടുകയും അച്ചന്റെ നേതൃത്വത്തിൽ ഭക്ഷ്യവിഭവങ്ങൾ എത്തിക്കുകയുമായിരുന്നു. ജീവനക്കാർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതോടെ ബ്രഡ്, തേൻ, ബിസ്കറ്റ്, പാൽ, തൈര്, തേയില, കാപ്പിപ്പൊടി, പാൽപ്പൊടി തുടങ്ങിയവ ക്യാന്പുകളിലേക്കെത്തി.
കാഞ്ഞിരപ്പള്ളി തഹസിൽദാർ അജിത്തിന്റെ ഇടപെടൽകൂടിയായപ്പോൾ കാര്യങ്ങൾ കൂടുതൽ സുഗമമായി.
പ്രളയകാലത്തെ മലനാടിന്റെ പ്രവർത്തന മാതൃകയ്ക്കാണു സംസ്ഥാന സർക്കാർ പുരസ്കാരം നൽകി ആദരിച്ചത്.
പ്രളയദുരിതത്തിൽ കൈത്താങ്ങായ ഫാ. മറ്റമുണ്ടയിലിന് സർക്കാരിന്റെ ആദരം
01:55 AM Jul 21, 2019 | Deepika.com