കോലഞ്ചേരി: യാക്കോബായ-ഓർത്തഡോക്സ് തർക്കം നിൽക്കുന്ന വരിക്കോലി പള്ളിയുടെ പുറകുവശത്തുകൂടി മൃതദേഹം സെമിത്തേരിയിൽ എത്തിച്ചു ബന്ധുക്കൾ സംസ്കാരം നടത്തി. യാക്കോബായ വിഭാഗക്കാരനായ വരിക്കോലി നീർമ്മേൽ പി.സി. പൗലോസിന്റെ (58) സംസ്കാരമാണ് ഈവിധം നടത്തിയത്.
പള്ളിയുടെ മുന്നിൽ മൂവാറ്റുപുഴ ഡിവൈഎസ്പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്പോഴായിരുന്നു സംഭവം.
യാക്കോബായ ചാപ്പലിൽനിന്നു മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് പള്ളിയുടെ പുറകുവശത്തുള്ള റബർ തോട്ടത്തിന് സമീപം നിർത്തിയശേഷം വളരെ പ്രയാസപ്പെട്ടാണു മൃതദേഹം സെമിത്തേരിയിലെത്തിച്ചത്.
മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന ബന്ധുക്കളടക്കമുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നു. സംസ്കാരം നടത്തിയെന്ന വിവരമറിഞ്ഞയുടൻ പള്ളിയുടെ മുന്നിൽനിന്നു പോലീസ് സംഘം സ്ഥലംവിട്ടു.
തർക്കം: പള്ളിയുടെ പുറകുവശത്തുകൂടി മൃതദേഹം എത്തിച്ചു സംസ്കരിച്ചു
01:55 AM Jul 21, 2019 | Deepika.com