തിരുവനന്തപുരം: ഡോ.എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) ആദ്യ ബി ടെക് ബാച്ചിൽ 36.41 ശതമാനം വിജയം. 23 വിവിധ എൻജിനിയറിംഗ് ശാഖകളിലായി 35,104 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 12,803 പേർ വിജയിച്ചതായി വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു.
സർക്കാർ കോളജുകളിൽ 50.9 ശതമാനവും എയ്ഡഡ് കോളജുകളിൽ 56.5 ശതമാനവും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ 40.9 ശതമാനവും സ്വാശ്രയ കോളജുകളിൽ 32.1 ശതമാനം പേരുമാണു വിജയിച്ചത്. പരീക്ഷയെഴുതിയ പെണ്‍കുട്ടികളിൽ 51.2 ശതമാനം പേരും വിജയിച്ചപ്പോൾ ആണ്‍കുട്ടികളിൽ 25.5 ശതമാനം മാത്രമാണ് വിജയിച്ചത്.
പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട 1150 വിദ്യാർഥികളിൽ 155 പേർ മാത്രമാണു വിജയിച്ചത്. വിജയശതമാനം 13.47. 511 വിദ്യാർഥികൾ ബിടെക് ഓണേഴ്സിനും അർഹതനേടി.
റിക്കാർഡ് വേഗത്തിലാണ് ഇത്തവണ പരീക്ഷാഫലം പ്രഖ്യാപിച്ചത്. കോഴ്സ് അവസാനിക്കാൻ പത്തു ദിവസം ശേഷിക്കേ ഫലം പ്രഖ്യാപിക്കാനായി. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം ഇന്നലെ തുടങ്ങി.
കംപ്യൂട്ടർ സയൻസ് വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം. 40.5. ഏറ്റവും കൂടുതൽ വിജയശതമാനം തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിനാണ് (സിഇടി)- 70.31.
ഒൻപത് സർക്കാർ കോളജുകളും മൂന്ന് എയ്ഡഡ് കോളജുകളും 21 സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും 109 സ്വാശ്രയ കോളജുകളുമുൾപ്പെടെ 142 കോളജുകളാണ് കെടിയുവിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ഇതിൽ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) നേടിയ 24 കോളജുകളുടെ ആകെ വിജയം 47.5 ശതമാനമാണ്. മൊത്തം വിദ്യാർഥികളിൽ 31 ശതമാനം എൻബിഎ അക്രഡിറ്റഡ് കോളജുകളിൽ നിന്നാണ്.
2020-21 അധ്യയന വർഷം മുതൽ എൻജിനിയറിംഗ് കോളജുകളിൽ ബി വോക് കോഴ്സും നൈപുണ്യത്തിന് അനുസരിച്ചു വിവിധ വിഭാഗങ്ങളിൽ പിജി ഡിപ്ലോമ കോഴ്സുകളും ആരംഭിക്കും. യുജിസി നയത്തിന് അനുസൃതമായി വിദ്യാർഥി സൗഹൃദ സംവിധാനം ഒരുക്കുന്നതിനായി സാങ്കേതിക സർവകലാശാല ഓണ്‍ലൈൻ സ്റ്റുഡൻസ് സപ്പോർട്ടിംഗ് സെന്റർ വൈകാതെ തുറക്കും. സിലബസിൽ കാലോചിത മാറ്റങ്ങൾ വരുത്തുന്നതിനുള്ള ശ്രമം തുടങ്ങും.
2015 ഓഗസ്റ്റ് ഒന്നിന് കോഴ്സ് ആരംഭിക്കുന്പോൾ 40,071 വിദ്യാർഥികളാണ് എൻജിനിയറിംഗ് പഠനത്തിന് കെടിയുവിൽ രജിസ്റ്റർ ചെയ്തത്. കോഴ്സ് കാലാവധിയായ നാലു വർഷത്തിനിടെ 4,967 വിദ്യാർഥികൾക്ക് എട്ടാം സെമസ്റ്റർ വരെ എത്താനായില്ല. ഇവരിൽ 2,010 വിദ്യാർഥികൾ വിവിധ കാലയളവിലായി സർവകലാശാലയിൽനിന്ന് ടിസി വാങ്ങി.
ആകെ വിദ്യാർഥികളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് എൻജിനിയറിംഗ്പഠനം ഉപേക്ഷിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നതായി പ്രോ വൈസ് ചാൻസലർ ഡോ.എസ്.അയൂബ്, രജിസ്ട്രാർ ഡോ.ജി.പി പദ്മകുമാർ, അക്കാദമിക് വിഭാഗം ഡീൻ ഡോ.ജെ.ശ്രീകുമാർ എന്നിവർ അറിയിച്ചു.
സാങ്കേതിക സർവകലാശാലയുടെ ആദ്യ ബിടെക് പരീക്ഷാഫലം പ്രഖ്യാപിച്ചു, 36.41 % വിജയം
12:48 AM Jul 21, 2019 | Deepika.com