കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ 2018 ലെ മാധ്യമ അവാർഡുകൾക്ക് എൻട്രി ക്ഷണിച്ചു. 2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണു പരിഗണിക്കുക. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നന്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുളള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുളള എൻ.എൻ. സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുളള അക്കാഡമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുളള അക്കാഡമി അവാർഡ് എന്നിവയ്ക്കാണ് എൻട്രികൾ ക്ഷണിക്കുന്നത്.
റിപ്പോർട്ടിൽ, ഫോട്ടോയിൽ ലേഖകന്റെ, ഫോട്ടോഗ്രാഫറുടെ പേര് ചേർത്തിട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. എൻട്രിയുടെ ഒരു ഒറിജിനലും മൂന്നു കോപ്പികളും സഹിതം ഓഗസ്റ്റ് 10 വൈകുന്നേരം അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ ലഭിക്കണം. അയയ്ക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേക്കുളള എൻട്രിയാണ് എന്നു രേഖപ്പെടുത്തണം. ഫോട്ടോകൾ 10-8 വലിപ്പത്തിൽ പ്രിന്റുകൾ തന്നെ നൽകണം.
ദൃശ്യമാധ്യമപ്രവർത്തകനുളള അവാർഡിന് പ്രേക്ഷകർക്കും പേര് നിർദേശിക്കാം. പ്രേക്ഷകർക്ക് അക്കാഡമിയുടെ വിലാസത്തിലോ keralamediaacademy.gov @gmail.com എന്ന ഇ-മെയിലിലോ ശിപാർശ അയയ്ക്കാം.
കേരള മീഡിയ അക്കാഡമി മാധ്യമ അവാർഡ്
12:30 AM Jul 21, 2019 | Deepika.com