കൊച്ചി: മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിച്ചു മാലിന്യവിമുക്തമായ നാട് സൃഷ്ടിക്കുന്നതിന് സമൂഹം ഒന്നിച്ചുനിൽക്കണമെന്നു ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘മാലിന്യമില്ലാത്ത മലയാള നാട്’ എന്ന മുദ്രാവാക്യമുയർത്തി എറണാകുളം ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച കാന്പയിനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005ൽ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തി ആറ് കോർപറേഷനുകളിലും മൂന്ന് മുൻസിപ്പാലിറ്റികളിലുമായി നടപ്പാക്കാൻ വിഭാവനം ചെയ്ത ദ്രവമാലിന്യ സംസ്കരണ പദ്ധതി പൂർണമായി നടപ്പാക്കണമെന്ന് അദ്ദേഹം ആ വശ്യപ്പെട്ടു.
മാലിന്യ സംസ്കരണം സംബന്ധിച്ച് രാജ്യവ്യാപകമായി ഇടപെടൽ നടത്തുന്ന വ്യക്തിയും മാലിന്യ സംസ്കരണം സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അംഗവുമായ അൽമിത്ര പട്ടേൽ മുഖ്യപ്രഭാഷണം നടത്തി. മേയർ സൗമിനി ജെയിൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കെ. ബാബു, ടി.യു. കുരുവിള, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, അഹമ്മദ് കബീർ, എ.എൻ. രാധാകൃഷ്ണൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.സി. സിറിയക്, അറയ്ക്കൽ ബാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് തൃക്കാക്കര ഭാരത് മാതാ കോളജിലെയും എറണാകുളം സെന്റ് തെരേസാസ് കോളജിലെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
മാലിന്യവിമുക്ത നാടിനായി ഒരുമിക്കണം: പി.ജെ. ജോസഫ്
01:27 AM Jul 20, 2019 | Deepika.com