തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി കെഎസ്യു നടത്തുന്ന മിന്നൽ പ്രതിഷേധങ്ങൾക്കു മുന്നിൽ പോലീസ് പകച്ചു നിൽക്കുന്നു.
യൂണിവേഴ്സിറ്റി കോളജിൽ കത്തിക്കുത്തുണ്ടായ ദിവസം മുതൽ യൂണിവേഴ്സിറ്റി കോളജ്, സെക്രട്ടേറിയറ്റ്, കേരള സർവകലാശാലാ പരിസരങ്ങളിലും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും ശക്തമായ പോലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജിലേക്കും സർവകലാശാലയിലേക്കും എത്തുന്നവരെ കർശനമായ പരിശോധനയ്ക്കു ശേഷമാണു കടത്തി വിടുന്നത്. സെക്രട്ടേറിയറ്റിലും പരിസരത്തും കർശന സുരക്ഷാസംവിധാനങ്ങളുണ്ട്.
ഇതിനെയെല്ലാം മറികടന്ന് കെഎസ്യു പ്രവർത്തകർ പല കേന്ദ്രങ്ങളിലും കടന്നു കയറി പ്രതിഷേധമുയർത്തി. ഇന്നലെ കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള രാജ്ഭവനിലെത്തി മടങ്ങുമ്പോൾ കെഎസ്യു പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മാധ്യമപ്രവർത്തകരുൾപ്പെടെ രാജ്ഭവനു മുന്നിൽ കാലേക്കൂട്ടി വന്നിരുന്നെങ്കിലും ആവശ്യത്തിനു പോലീസ് ഉണ്ടായിരുന്നില്ല.
മിന്നൽ പ്രതിഷേധവുമായി കെഎസ്യു; പകച്ച് പോലീസ്
12:58 AM Jul 20, 2019 | Deepika.com