തിരുവനന്തപുരം:കുടുംബതർക്കങ്ങളോ കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങളോ കാരണം കുട്ടിക്ക് റേഷൻ കിട്ടാതിരിക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്തു. കമ്മീഷൻ ചെയർമാൻ പി. സുരേഷ്, അംഗം കെ. നസീർ എന്നിവരുടെ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.
കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യത്തിനോ സർക്കാർ ആനുകൂല്യങ്ങൾക്കോ റേഷൻ കാർഡ് ലഭിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകാതെ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടിയുടെ പേര് ഉൾപ്പെടുത്തി ആ സമയത്ത് കുട്ടിയുടെ മേൽ നിയന്ത്രണമുള്ള രക്ഷാകർത്താക്കൾക്ക് റേഷൻ കാർഡ് നൽകുന്നതിന് സപ്ലൈ ഓഫീസർമാർ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. സപ്ലൈ ഓഫീസർമാരെ ഇതിനു ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡയറക്ടറും സെക്രട്ടറിയും പുറപ്പെടുവിക്കണം.
കുട്ടിയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് അവർക്ക് കിട്ടാതിരിക്കുകയോ അർഹതപ്പെട്ട ആനുകൂല്യം കിട്ടാതിരിക്കുകയോ ചെയ്താൽ കുട്ടിയുടെ പേര് ഉൾപ്പെടുത്തി പുതിയ റേഷൻ കാർഡ് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.
കുടുംബതർക്കം കുട്ടിയുടെ റേഷനു തടസമാകരുതെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ
12:58 AM Jul 20, 2019 | Deepika.com